Sorry, you need to enable JavaScript to visit this website.

വിപുലമായ ഡി അഡിക്ഷൻ  പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ 

പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ.

കോഴിക്കോട്- കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറയിൽ വിപുലമായ സൗകര്യങ്ങളോടെ ഡി അഡിക്ഷൻ - മെന്റൽ ഹെൽത്ത് - ഫാമിലി സെൻറർ സ്ഥാപിക്കുമെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി, സെക്രട്ടറി എം. അബ്ദുൽ മജീദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 
'ജാസ്മിൻ വാലി' എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 
രണ്ട് വർഷമായി പീപ്പിൾസ് ഫൗണ്ടേഷന്റെ ആസൂത്രണത്തിലുള്ള പദ്ധതിയാണ് ഡി അഡിക്ഷൻ  മെന്റൽ ഹെൽത്ത്  ഫാമിലി സെന്റർ പ്രൊജക്റ്റ്. 
കേരളം ഇന്ന് ലഹരി മാഫിയയുടെ വലിയ തോതിലുള്ള ഭീഷണി അഭിമുഖീകരിക്കുകയാണ്. ചെറിയ ക്ലാസ്സിലെ സ്‌കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ലഹരിക്കടിപ്പെട്ട് വലിയ തോതിലുള്ള കുടുംബസാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. വൻതോതിലുള്ള ലഹരി വിൽപ്പന മാർക്കറ്റായി സംസ്ഥാനം മാറിയിരിക്കുന്നു. സവിശേഷമായ ഈ സാഹചര്യത്തെ കൂടി മുൻനിർത്തിയാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രധാന പദ്ധതികളിലൊന്നായ 'ജാസ്മിൻ വാലി' പദ്ധതി പ്രഖ്യാപിക്കുന്നത്.
രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിൽ പത്ത് ഏക്കർ ഭൂമിയിലാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഒരേ സമയം 100 രോഗികൾക്ക് കിടത്തി ചികിത്സ നൽകാൻ കഴിയുന്നതും 300 പേരുടെ തുടർ ചികിത്സ നടത്താൻ സാധിക്കുന്നതുമായിരിക്കും ജാസ്മിൻ വാലി പദ്ധതി. വിശാലമായ ഫാമിലി കൗൺസലിംഗ് സെന്ററും പദ്ധതിയിൽ ഉൾപ്പെടും. വർഷത്തിൽ 3000 കുടുംബങ്ങൾക്ക് ആശ്വാസമേകാൻ പദ്ധതിയിലൂടെ സാധിക്കും. സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ 150 വിദ്യാർത്ഥികൾക്കുള്ള ട്രെയിനിങ് സെന്ററും, റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ  ഒക്ടോബറിൽ ആരംഭിക്കും. കോഎർത്ത് ഇനിഷ്യയെറ്റിവ് ആണ് ജാസ്മിൻ വാലി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 
ഡി അഡിക്ഷൻ ഹോസ്പിറ്റൽ, സൈക്കാട്രി ഹോസ്പിറ്റൽ , റിഹാബിലിറ്റേഷൻ സെന്റർ, ജെറിയാട്രിക് കെയർ & ഡിമെൻഷ്യ ക്ലിനിക്, കുട്ടികളുടെ മെന്റൽ ഹെൽത്ത് ക്ലിനിക്, ഭിന്നശേഷിക്കാർക്കുള്ള വൊക്കേഷണൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ, തേർഡ് ജെൻഡർ മെന്റൽ ഹെൽത്ത്, വൊക്കേഷണൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ എന്നിവ ജാസ്മിൻ വാലിയിൽ ഉണ്ടാവും. ഫാമിലി കൗൺസലിങ്, ഒക്യുപേഷണൽ തെറാപ്പി, ഫിസിക്കൽ ആക്ടിവിറ്റി, ഐസൊലേഷൻ റൂം, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ, നഴ്‌സിംഗ് സ്‌റ്റേഷനുകൾ, ബേസിക്ക് ഹെൽത്ത് ചെക്കപ്പ് എന്നിവക്ക് പ്രത്യേകം സൗകര്യങ്ങൾ ജാസ്മിൻ വാലിയിൽ ലഭ്യമാക്കും. റിക്രിയേഷൻ നാച്വർ പാർക്ക്, ഡിസ്‌ക്കഷൻ കാബിനുകൾ, വിവിധോദ്ദേശ്യ പരിശീലന പരിപാടികൾക്കുള്ള സൗകര്യങ്ങൾ, വിനോദ പരിപാടികൾ എന്നിവയും ജാസ്മിൻ വാലിയുടെ ഭാഗമായിരിക്കും. 2023 ഒക്ടോബറോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കും.
കേരളത്തിലെ സാമൂഹിക സേവന പ്രവർത്തന മേഖലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ പത്തുവർഷം  പൂർത്തീകരിക്കുകയാണ്. ആയിരം വീടുകൾ, തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ സഹായങ്ങൾ, സംരംഭകത്വം പരിശീലന പരിപാടികൾ തുടങ്ങി വിവിധ മേഖലകളിൽ അനേകം സേവന പ്രവർത്തനങ്ങൾ നടത്തുവാനും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമേകാനും പീപ്പിൾസ് ഫൗണ്ടേഷന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 
പ്രൊജക്റ്റ് ഡയറക്ടർ നാസറുദ്ധീൻ ആലുങ്കൽ, എത്തിക്കൽ മെഡിക്കൽ ഫോറം വൈസ് പ്രസിഡന്റ്, ഡോ . ഷൈജു ഹമീദ്, ടി.കെ ഹുസൈൻ (ട്രസ്റ്റ് അംഗം, പീപ്പിൾസ് ഫൗണ്ടേഷൻ) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News