Sorry, you need to enable JavaScript to visit this website.

ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കും - മന്ത്രി രാജീവ്

ഗ്രാഫീൻ നിക്ഷേപക സംഗമം കൊച്ചിയിൽ മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി- സംസ്ഥാനത്ത് ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രാഫീൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പുതിയ വ്യവസായനയത്തിൽ ഇത്തരം നൂതന സങ്കേതങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഗ്രാഫീൻ അടക്കമുള്ള നവസാങ്കേതിക സംവിധാനങ്ങളുടെ സമന്വയവും, ഏകോപനവും വ്യവസായ നയത്തിന്റെ മുൻഗണനകളിലൊന്നാണ്. ഗ്രാഫീൻ അധിഷ്ഠിതമായ വ്യവസായ പരിതസ്ഥിതി സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  കേരളത്തിന്റെ ഗ്രാഫീൻ നയത്തെപ്പറ്റിയും ഗ്രാഫീനുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ഗവേഷണവികസന സ്ഥാപനങ്ങളുടെയും സാധ്യതകളെപ്പറ്റിയും വിശദീകരിക്കുന്നതിനാണ് കെ.എസ്.ഐഡി.സി.യുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
ടാറ്റ സ്റ്റീൽ ലിമിറ്റഡ് വ്യാവസായിക പങ്കാളിയായും സിമെറ്റ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവ നടപ്പാക്കൽ ഏജൻസികളുമായി കേരള സർക്കാരും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന നൂതനപദ്ധതിയായ 'ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ' ഗ്രാഫീനിന്റെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള വിജ്ഞാന കേന്ദ്രമായിരിക്കും. കേന്ദ്രസർക്കാരിൽ നിന്ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് ആദ്യഗഡുവായി സംസ്ഥാന സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഉയർന്ന വൈദ്യുതചാലകതയുള്ള, കാർബണിന്റെ മറ്റൊരു രൂപമായ ഗ്രാഫീൻ മൂല്യവത്തായതും ഉപയോഗപ്രദവുമായ ഒരു നാനോ പദാർഥമായി ലോകം അംഗീകരിച്ചുകഴിഞ്ഞു. ഗ്രാഫീന്റെ കണ്ടുപിടിത്തം വിവിധ ശാസ്ത്രശാഖകളിൽപെട്ട ഹൈഫ്രീക്വൻസി ഇലക്ട്രോണിക്‌സ്, ബയോ കെമിക്കൽ മാഗ്‌നറ്റിക് സെൻസറുകൾ, അൾട്രാവൈഡ് ബാൻഡ്വിഡ്ത്ത് ഫോട്ടോഡിറ്റക്ടറുകൾ, ഊർജസംഭരണവും ഉൽപാദനവും തുടങ്ങിയ മേഖലകളിൽ വലിയ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
കേരളത്തിന്റെ ഗ്രാഫീൻ നയത്തിന്റെ കരട്, നിർദ്ദേശങ്ങൾക്കായി വിദഗ്ദ്ധപങ്കാളികൾക്ക് നൽകിക്കഴിഞ്ഞു. ഗ്രാഫീന്റെ പ്രയോഗങ്ങൾ, ഭാവി വിപണി സാധ്യതകൾ, ആഗോളതലത്തിൽ നടക്കുന്ന വിവിധ ഗവേഷണങ്ങൾ എന്നിവ മനസ്സിലാക്കാനും ഗ്രാഫീൻ സാമഗ്രികൾ സ്വീകരിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ, മാനദണ്ഡങ്ങൾ, നയ കേന്ദ്ര മേഖലകൾ, ഗ്രാഫീൻ സ്വീകരിക്കുന്നതുമൂലമുള്ള തടസ്സങ്ങൾ എന്നിവയെക്കുറിച്ച് വിവിധ പങ്കാളികളിൽ നിന്ന് അഭിപ്രായസ്വരൂപണത്തിനായാണ് സംഗമം സംഘടിപ്പിച്ചത്.  
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ. കെ.എൻ.മധുസൂദനൻ, കെ.എസ്.ഐ.ഡി.സി എംഡി: എസ്. ഹരികിഷോർ, ഡിജിറ്റൽ സർവ്വകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവർ സംസാരിച്ചു. ഓക്‌സ്‌ഫോർഡ് സർവ്വകലാശാല പ്രൊഫസർ ഡോ. ഹരീഷ് ഭാസ്‌കരൻ, മാഞ്ചസ്റ്റർ സർവ്വകലാശാല പ്രൊഫസർ ഡോ. രാഹുൽ രവീന്ദ്രൻ നായർ, കാർബറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡിൽ നിന്നുള്ള പി.എസ്. ജയൻ, യു.എസ്,എ ജനറൽ ഗ്രാഫീൻ ഗ്രെഗ്  എറിക്‌സൺ, മാഞ്ചസ്റ്റർ ഗ്രാഫീൻ എൻജിനീയറിംഗ് ഇന്നൊവേഷൻ സെന്ററിലെ ജയിംസ് ബേക്കർ, ബാംഗ്ലൂർ ലോഗ്9 മെറ്റീരിയൽസിലെ അൻശുൽ ശർമ, കേരള ഐടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സി.ഐ.ഐ കേരള ചെയർമാൻ ജീമോൻ കോര, എഫ്‌ഐസിസിഐ കേരള ചെയർമാൻ ദീപക് എൽ. അശ്വിനി തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിച്ചു. 

 

Latest News