ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ട്; വെള്ളിയാഴ്ച പത്രിക നല്‍കുമെന്ന് ശശി തരൂര്‍

പാലക്കാട്- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍ എം.പി അറിയിച്ചു. ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടേയും പിന്തുണ തനിക്ക് ഉണ്ട് എന്നും മറ്റ് ആരെല്ലാം തന്നെ പിന്തു ണക്കുമെന്നത് പത്രികാസമര്‍പ്പണത്തിനു ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലും കാണാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിലെ ജനാധിപത്യം. അതു കൊണ്ടു തന്നെയാണ് മല്‍സരിക്കാന്‍ താല്‍പര്യം. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ചിലരും രാജ്യത്തെ ഭൂരിഭാഗം പ്രവര്‍ത്തകരും തനിക്കൊപ്പം നില്‍ക്കും. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം- ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഈ മാസം 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലപ്രഖ്യാപനം വരും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കമാന്റ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
 

 

Latest News