Sorry, you need to enable JavaScript to visit this website.

വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദുകാരിയുടേത്

ഷാര്‍ജ- കഴിഞ്ഞ ദിവസം മൈസലൂണ്‍ മേഖലയിലെ ഒരു വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ യാസിര്‍ ഖാന്‍ ശൈഖിന്റേതാണെന്നു തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് 36 വയസ്സായിരുന്നു. ഷാര്‍ജയില്‍ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നെത്തിയ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു മാസത്തോളം പഴക്കമുള്ള ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയത് 40ലേറെ പ്രായമുളള ഭര്‍ത്താവ് ഇസ്മാഈല്‍ മുഹമ്മദ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കേരളത്തിലേക്ക് കടന്നതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാള്‍ മലയാളിയാകാമെന്ന സംശയത്തിന് ഇത് ഇടയാക്കിയിരുന്നു. ഇന്ത്യയിലേക്കു കടന്ന ഇയാളെ പിടികൂടാന്‍ ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ പോലീസിന്റെ സഹായം ലഭിക്കുമെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെരി അല്‍ ശംസി പറഞ്ഞു. 

യുവതിയെ കാണാനില്ലെന്ന് ഏപ്രില്‍ ഒമ്പതിനാണ് സഹോദരന്‍ ഷാര്‍ജയിലെത്തി പോലീസില്‍ പരാതി നല്‍കിയത്. ഇന്ത്യയിലായിരിക്കുമ്പോള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുള്ള സഹോദരിയെ ഫോണില്‍ കിട്ടാതായതോടെയാണ് തിരച്ചിലിനായി സഹോദരന്‍ ഷാര്‍ജയിലെത്തിയത്. എന്നാല്‍ സഹോദരിയുടെ വീട്ടില്‍ ആരേയും കണ്ടില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് വീട്ടില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികളുടെ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് മണംപിടിക്കുന്ന നായകളെ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സഹോദരന്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

കുടുംബ വഴക്കാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി ഇസ്മാഈലിനെ പ്രേരിപ്പിച്ചതെന്ന് സംശയം ബലപ്പെട്ടതായി പോലീസ് പറയുന്നു. മറ്റൊരു ഭാര്യയും കുട്ടികളും ഉള്ളകാര്യം ആദ്യ ഭാര്യയായ തസ്ലീന്‍ അറിയാനിടയയാതാണ് ഇരുവരും തമ്മിലുള്ള വഴക്കിനു കാരണമായത്. കൊലപാതകത്തിനു മുമ്പ് രണ്ടാം ഭാര്യയേയും കുട്ടികളേയും പ്രതി നാട്ടിലേക്ക് അയച്ചിരുന്നു. ശേഷം ഇയാളും ഇന്ത്യയിലേക്കു കടന്നു.

കൊല്ലപ്പെട്ട ഭാര്യയില്‍ ഇസ്മാഈലിന് മൂന്ന് പെണ്‍മക്കളാണുള്ളത്. ഇവരില്‍ രണ്ടു പേര്‍ ഇന്ത്യയിലാണ്. മൂത്തമകള്‍ തഹ്‌സീന്‍ ഇസ്മാഈല്‍ പ്രതിക്കൊപ്പം ഷാര്‍ജയിലായിരുന്നു. സല്‍മാന്‍ അല്‍ ഫാരിസി ഖുര്‍ആന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിയായിരുന്നു. 16 വര്‍ഷം ആദ്യഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കഴിഞ്ഞ ഇസ്മഈല്‍ രഹസ്യമായി രണ്ടാം വിവാഹം കഴിക്കുന്നതിനാണ് കൊല്ലപ്പെട്ട ഭാര്യയേയും രണ്ടു മക്കളേയും നേരത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് രണ്ടു മാസം മുമ്പാണ് വിസിറ്റ് വീസയില്‍ കൊല്ലപ്പെട്ട ഭാര്യ ഷാര്‍ജയില്‍ എത്തിയത്. മകള്‍ തഹ്‌സീനിന്റെ ഖുര്‍ആന്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഇവര്‍ അറിയുന്നത്. ഇതാണ് ഇരുവരും തമ്മില്‍ വഴക്കിനിടയാക്കിയത്. തുടര്‍ന്ന് ആദ്യഭാര്യയെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ഇസ്മാഈല്‍ ശശ്രമിച്ചു. എന്നാല്‍ തിരിച്ചു പോകാന്‍ ഇവര്‍ കൂട്ടാക്കിയില്ല. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 


 

Latest News