തിരുവനന്തപുരം- വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. മൃതദേഹം കണ്ടെത്തിയ കോവളത്തെ കണ്ടല്‍ക്കാട്ടിലേക്ക് ലിഗയെ കൊണ്ടുവന്നുവെന്ന് കരുതുന്നവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച തോണി കണ്ടെത്തിയതാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. ഈ തോണിയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരിച്ചു.
മയക്കുമരുന്ന് കടത്തിലും മറ്റും ഏര്‍പ്പെട്ട നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് നാല് പേരെ കസ്റ്റിഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി എലിസ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജാക്കറ്റ് ആരുടേതാണെന്ന് കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
കോവളത്തെ കടകളില്‍ പരിശോധിച്ചെങ്കിലും ലിഗ ഇതു വാങ്ങിയതായി ആരും സമ്മതിച്ചിട്ടില്ല. ഇതോടെ ആരെങ്കിലും ലിഗയെ ധരിപ്പിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.