Sorry, you need to enable JavaScript to visit this website.

പുനര്‍വിവാഹപ്പരസ്യം നല്‍കിയ യുവാവില്‍ നിന്ന്  4 ലക്ഷവും മൊബൈലും തട്ടിയെടുത്ത യുവതി അറസ്റ്റില്‍

ആലപ്പുഴ- യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് പിടികൂടി. പുനര്‍വിവാഹപ്പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷമാണ് 4,15,500 രൂപ തട്ടിയെടുത്തത്. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി.ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്ന് 22,180 രൂപ വിലയുള്ള മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കിയിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് അനുജത്തിക്കായി വിവാഹാലോചന നടത്തുകയായിരുന്നു യുവതി. മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്‌തെടുത്തത്.
ചതി മനസ്സിലാക്കിയ യുവാവ് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പോപൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. അന്വേഷണത്തില്‍ ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞ് വിവാഹത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. പാലക്കാട് കിഴക്കന്‍ചേരിയില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.
 

Latest News