തിരുവനന്തപുരം-ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മലയാളിക്ക് സൗദി അറേബ്യ ജന്മദേശം പോലെ പ്രിയപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അംബാസഡറോട് പറഞ്ഞു. ലക്ഷക്കണക്കിന് മലയാളികളാണ് സൗദിയിൽ കഴിയുന്നത്. സൗദി സർക്കാർ ഇന്ത്യക്കാരോട് കാണിക്കുന്ന സ്‌നേഹത്തെക്കുറിച്ച് അദ്ദേഹം നന്ദിപൂർവം സ്മരിച്ചു.
സൗദിയിൽ നഗര വികസനം, ഐ.ടി മേഖലകളിൽ പുതിയ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാനിരിക്കേ മലയാളികൾക്ക് തൊഴിലവസരം വർധക്കാനിടയുണ്ടെന്ന് ഡോ. സൗദ് പറഞ്ഞു. മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിന് സൗദിയിൽ അനുമതി ലഭിക്കുന്ന കാര്യത്തിൽ ഇരുവരും ചർച്ച നടത്തി. ആയുർവേദത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ ആയുർവേദ ഡോക്ടർമാർക്ക് സൗദിയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതിയില്ല. കേരളത്തിൽ വിനോദ സഞ്ചാരം, ഐ.ടി, പെട്രോകെമിക്കൽ മേഖലകളിൽ നിക്ഷേപം നടത്താനുള്ള സാധ്യത മുഖ്യമന്ത്രി ആരാഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി ചിട്ടി നടത്തുന്ന കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. നിർദിഷ്ട പ്രവാസി ചിട്ടി ശരീഅത്ത് നിയമങ്ങൾക്കു വിധേയമായി നടപ്പാക്കാൻ കഴിയുമെന്നും ഇത് സംബന്ധിച്ച നിർദേശം തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കാവുന്നതാണെന്നും ഡോ. സൗദ് വ്യക്തമാക്കി. സർക്കാർ എത്രയും വേഗം ഈ നിർദ്ദേശം നടപ്പാക്കാൻ ശ്രമം നടത്തും. ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി മജീദ് അൽ ഹസബി, ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ചെയർമാൻ ഡോ. കെ.എം. എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു. കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.