രാഷ്ട്രീയത്തിലെ വേറിട്ടൊരു ധാരയുടെ പ്രതീകമായിരുന്നു മുൻ മന്ത്രിയും കോൺഗ്രസ്സ് നോതാവുമായ ആര്യാടൻ മുഹമ്മദ് എന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ്സ് രാഷ്ട്രീയത്തിനു മാത്രമല്ല കേരള രാഷ്ട്രീയത്തിനു തന്നെ
തീരാനഷ്ടമാണ്. കോൺഗ്രസ്സ് സ്വന്തം പാർട്ടിയുടെ ഫ്രെയിമിനുളളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മുന്നണി മാനദണ്ഡങ്ങൾ പാലിക്കാതെ നിലപാടുകൾ സ്വീകരിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ വ്യത്യസ്തത പുലർത്തുന്ന രീതികളിലൂടെയാണ് അദ്ദേഹം നിലമ്പൂരിൽ കാലുറപ്പിച്ചത്. രാഷ്ട്രീയ എതിരാളികളോടും അനുയായികളോടും ഏതാണ്ട് ഒരേതരത്തിൽ സൗഹൃദം സ്ഥാപിക്കുന്നതിൽ അദ്ദേഹം സാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നു. പ്രായോഗികബുദ്ധിയുടെ ഉത്തമ ഉദാഹരണമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ ജീവിതം ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും പാഠപുസ്തകമാണ്. തന്റെ വിദ്യാഭ്യാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഒന്നും പരിമിതികൾ പ്രകടിപ്പിക്കാതെ നിയമനിർമ്മാണ സഭയിൽ അദ്ദേഹം കാണിച്ചിട്ടുളള പ്രാഗൽഭ്യം ശ്രദ്ധേയമാണ്. നിയമനിർമ്മാണ സഭകളിലെ എൻസൈക്ലോപീഡിയ എന്നദ്ദേഹം അറിയപ്പെട്ടത് കഠിനാധ്വാനത്തിന്റെയും സ്വന്തം വളർച്ചയുടെയും ലക്ഷണങ്ങളായിരുന്നു. ശരിഅത്ത് വിവാദഘട്ടത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹം മടികാണിച്ചില്ല. മുസ് ലിം ലീഗിനെ ആക്രമിക്കുമ്പോഴും ലീഗിനെ മുന്നണിയിൽ ചേർത്തുനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നതും വേറിട്ട അനുഭവമാണ്. പ്രായോഗിക ബുദ്ധി, കഠിനാധ്വാനം, രാഷ്ട്രീയത്തിൽ വ്യത്യസ്തമായ നിശ്ചയദാർഢ്യത്തോടെയുളള നിലപാടുകൾ എല്ലാം ആര്യാടൻ മുഹമ്മദിനെ വ്യത്യസ്തനാക്കിയെന്നും പി. ശ്രീരാമകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.