Sorry, you need to enable JavaScript to visit this website.

ജിദ്ദക്ക് ഇന്ന് ഗുസ്തി വിരുന്ന് ; ഗോദയിൽ തീപാറും

ജിദ്ദ - ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ വിരുന്നായി ഗ്രെയ്റ്റസ്റ്റ് റോയൽ റംബ്ൾ ഗുസ്തി മത്സരത്തിന് ഇന്ന് ജിദ്ദ കിംഗ് അബ്ദുല്ല സ്റ്റേഡിയം വേദിയാവും. എന്റർടയ്ൻമെന്റ് ഗുസ്തിയിലെ സൂപ്പർ താരങ്ങളെല്ലാം അണിനിരക്കുന്ന മേള വൈകിട്ട് ഏഴിനാണ് ആരംഭിക്കുക. ഡബ്ല്യു.ഡബ്ല്യു.ഇയും സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റിയും തമ്മിലുള്ള പത്തു വർഷത്തെ കരാറിന്റെ ഭാഗമായി അരങ്ങേറുന്ന പ്രഥമ റോയൽ റംബ്ൾ സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക മേളകളിലൊന്നായി മാറും. ഡബ്ല്യു.ഡബ്ല്യു.ഇയും ഇത് ഏറ്റവും വലിയ മേളയാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. 
റോയൽ റംബിളിനായി കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിൽ പ്രത്യേക വേദി ഒരുക്കിയിട്ടുണ്ട്. നിരവധി ചാമ്പ്യൻഷിപ് മത്സരങ്ങളുൾപ്പെടുത്തിയതോടെ അപൂർവ മേളയായി മാറിയിട്ടുണ്ട് ഇത്. 

നിരവധി പോരാളികൾ രംഗത്തിറങ്ങുന്ന റോയൽ റംബിളാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. രണ്ട് പേർ തമ്മിലുള്ള പോരാട്ടത്തോടെ ആരംഭിക്കുന്ന ഈ മത്സരത്തിൽ ചെറിയ ഇടവേളകളിൽ പുതിയ പോരാളികൾ രംഗപ്രവേശം ചെയ്യും. എല്ലാ പോരാട്ടവും അതിജീവിക്കുന്ന ആളായിരിക്കും ചാമ്പ്യൻ. 50 പേർ അണിനിരക്കുന്ന ഈ പോരാട്ടം ഡബ്ല്യു.ഡബ്ല്യു.ഇയുടെ ചരിത്രത്തിലാദ്യമാണ്. ഇരുപതോ മുപ്പതോ പേരടങ്ങുന്ന മത്സരങ്ങളേ ഇതുവരെ നടന്നിട്ടുള്ളൂ. ഡാനിയേൽ ബ്രയാൻ, ബ്രോൺ സ്‌ട്രോമാൻ, കെയ്ൻ, ബിഗ് ഷോ, ബ്രേ വ്യാറ്റ്, കുർട് ആംഗിൾ, ബാരോൺ കോർബിൻ, ക്രിസ് ജെറിക്കൊ, ബിഗ് ഇ, സേവിയർ വുഡ്‌സ്, കോഫി കിംഗ്സ്റ്റൺ, ഷെൽടൺ ബെഞ്ചമിൻ, സിൻ കാര, ഏലിയാസ്, ചാഡ് ഗാബ്ൾ, ഗോൾഡസ്റ്റ്, അപോളൊ, ടൈറ്റസ് ഒനീൽ, മോജൊ റൗളി, ഡോൾഫ് സിഗഌ തുടങ്ങിയവർ ഈ മത്സരത്തിൽ അണിനിരക്കും. 
ഡബ്ല്യു.ഡബ്ല്യു.ഇ യൂനിവേഴ്‌സൽ ചാമ്പ്യൻ പട്ടത്തിനായി ബ്രോക് ലെസ്‌നറും മുൻ ചാമ്പ്യൻ റോമൻ റെയ്ൻസും പോരടിക്കും. നിരവധി വർഷങ്ങൾക്കു ശേഷം ജോൺ സീനയും ട്രിപ്പിൾ എച്ചും കൊമ്പുകോർക്കും. ഒരു പതിറ്റാണ്ടിനിടയിലാദ്യമായി അണ്ടർടെയ്ക്കർ പങ്കെടുക്കുന്ന കാസ്‌കെറ്റ് മത്സരമാണ് മറ്റൊരു പ്രത്യേകത. റുസേവായിരിക്കും എതിരാളി. അമേരിക്കൻ ചാമ്പ്യൻ ജെഫ് ഹാർഡിയും മുൻ ചാമ്പ്യൻ ജിൻഡർ മഹലും തമ്മിലുള്ള മത്സരവും കാണികൾക്ക് ആവേശം പകരും. ഡബ്ല്യു.ഡബ്ല്യു.ഇ റോ ടാഗ് ടീം കിരീടത്തിനായി മുൻ ചാമ്പ്യൻ ദ ബാറും ഡിലീറ്റർ ഓഫ് വേൾഡ്‌സും ഏറ്റുമുട്ടും. ഡബ്ല്യു.ഡബ്ല്യു.ഇ ക്രൂയിസ്‌വെയ്റ്റ് ചാമ്പ്യൻഷിപ്പിനായി സെഡ്രിക് അലക്‌സാണ്ടറും റിംഗിലിറങ്ങും. മേൽക്കൂരയിൽ കെട്ടിത്തൂക്കിയ കിരീടത്തിനായി നാലു പേർ പൊരുതുന്ന ലാഡർ മത്സരവും റോയൽ റംബിളിലെ ആകർഷകമായ ഇനമായിരിക്കും. 

 

 

 

Latest News