ആറ്റിങ്ങല്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. തിരുവനന്തപുരം വലിയതുറയ്ക്കു സമീപം താമസിക്കുന്ന ഷമീറിനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്. അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായത്. വിവാഹബന്ധം മറച്ചുവെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. 2013 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി പിഴയടച്ചാല്‍ 25,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ജയിലില്‍ കിടന്ന റിമാന്‍ഡ് കാലം ശിക്ഷയില്‍ ഇളവുണ്ടാകും. കേസില്‍ 25 സാക്ഷികളെയാണ് വിസ്തരിച്ചത്. 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.