കോഴിക്കോട്- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിന് പുറമേ സമീപകാലത്തായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. എഴുപത് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമായത്. എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായും എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രി, 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. മലപ്പുറം രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാക്കളിലൊരാളാണ് വിട പറഞ്ഞത്. മലപ്പുറത്തെ ഏറ്റവും വലിയ കക്ഷി മുസ്‌ലിം ലീഗാണ്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി ലീഗിന്റെ ഏറ്റവും വലിയ എതിരാളി ആര്യാടന്‍ നേതൃത്വം നല്‍കിയിരുന്ന എ കോണ്‍ഗ്രസായിരുന്നു പലപ്പോഴും. അതേസമയം, മുസ്‌ലിം ലീഗ് നേതൃത്വവുമായി അടുത്ത സൗഹൃദം സൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. അവിഭക്ത കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുപ്പതാം വയസ്സിലാണ് ആദ്യമായി നിയമസഭയിലെത്തിയത്.
ഭാര്യ: പി വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ.റിയാസ് അലി. മരുമക്കള്‍: ഡോ.ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ.ഉമ്മര്‍, സിമി ജലാല്‍. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് നിലമ്പൂരില്‍.