മലപ്പുറം- രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 27, 28, 29 തീയതികളിൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും.
27ന് രാവിലെ 6.30ന് പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലം വഴി ജാഥ ജില്ലയിലേക്ക് പ്രവേശിക്കും. ഉച്ചയ്ക്ക് 12ന് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും.
വൈകിട്ട് നാലിന് പൂപ്പലത്ത് നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴിനു പാണ്ടിക്കാട് സമാപിക്കും.
28ന് രാവിലെ 6.30ന് പാണ്ടിക്കാട് നിന്നാരംഭിച്ച് എട്ടോടെ കാക്കാത്തോട് പാലം വഴി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് പാർലമെന്റിലേക്ക് പ്രവേശിക്കും. പദയാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കും.
ഉച്ചയ്ക്ക് 12ന് ജാഥ വണ്ടൂരിലെത്തി ഉച്ച ഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. വൈകിട്ട് നാലിന് വണ്ടൂർ നടുവത്ത് നിന്നാരംഭിക്കുന്ന പദയാത്ര ഏഴോടെ നിലമ്പൂർ ചന്തക്കുന്നിൽ ബഹുജന റാലിയോടെ സമാപിക്കും. 19 ദിവസം നീണ്ടുനിൽക്കുന്ന കേരളത്തിലെ ഭാരത് ജോഡോ പദയാത്രയിൽ ഏക പൊതുസമ്മേളനം നിലമ്പൂരിലേതാണ്. ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
29ന് രാവിലെ ചുങ്കത്തറ മുട്ടിക്കടവിൽ നിന്നാരംഭിക്കുന്ന പദയാത്ര 11 മണിയോടെ വഴിക്കടവിൽ സമാപിക്കുന്നതോടെ കേരളത്തിലെ ഭാരത് ജോഡോ പദയാത്ര പൂർത്തിയാകും. ഉച്ചയ്ക്ക് ശേഷം നാടുകാണിയിൽ നിന്നാണ് പദയാത്ര പുനരാരംഭിക്കുന്നത്.