റിയാദ്- കനത്ത പൊടിക്കാറ്റിന്റെയും ഇടി മിന്നലിന്റെയും അകമ്പടിയോടെ തലസ്ഥാന നഗരിയിലടക്കം വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. ഉച്ചക്ക് ശേഷം അൽഖസീമിൽനിന്ന് തുടങ്ങിയ കാറ്റ് വൈകിട്ടോടെ റിയാദിലെത്തി. റിയാദിന് പുറമെ അൽഖസീം, ഹായിൽ, അൽബാഹ, അസീർ, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ തുടങ്ങിയ സ്ഥലങ്ങളിലും കാറ്റും മഴയുമുണ്ടായി. റിയാദിൽ പലയിടങ്ങളിലും മരങ്ങളും സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളും കാറ്റിൽ പൊട്ടിവീണു.
അൽഖസീമിൽ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. കാറ്റിനെ തുടർന്ന് 281 കോളുകളാണ് ലഭിച്ചതെന്നും ഇതിൽ 257 കോളുകൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത് സംബന്ധിച്ചും 15 കോളുകൾ വീടുകളിൽ വെള്ളം കയറിയത് സംബന്ധിച്ചും ഒമ്പത് കോളുകൾ വെള്ളക്കെട്ടുകളെ സംബന്ധിച്ചുമായിരുന്നു. നിരവധി കടകളുടെ ബോർഡുകളും മറ്റും തകർന്നു.
കനത്ത മഴ അൽഖസീം പ്രവശ്യയിൽ മണിക്കൂറുകളോളം ജനജീവിതത്തെ ബാധിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുറൈദ, ബുക്കേരിയ, അൽറാസ്, ഉനൈസ, അൽകബ്‌റ തുടങ്ങിയ മേഖലകളിൽ ശക്തമായ പൊടിക്കാറ്റും മഴയുമുണ്ടായി. മരങ്ങൾ വീണ് മിക്ക റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകർന്നു.