കൊണ്ടോട്ടി - കേന്ദ്ര ഹജ് കമ്മിറ്റി രണ്ടു ദിവസത്തിനിടെ പുറത്തിറക്കിയ ഹജ് സർക്കുലറുകളിൽ അബദ്ധങ്ങൾ പിണഞ്ഞ് മാറ്റലും തിരുത്തലും. കുട്ടികളുടെ വിമാന നിരക്ക് ഒരു ദിവസം കൊണ്ട് മാറ്റിയ കേന്ദ്ര ഹജ് കമ്മിറ്റി ഷിയാ വിഭാഗക്കാർക്കുളള ഹജ് നിർദേശങ്ങളിൽ കൊച്ചി എംപാർക്കേഷൻ പോയന്റിനെ കോഴിക്കോടാക്കാനും മറന്നില്ല. അബദ്ധം ബോധ്യമായ കേന്ദ്ര ഹജ് കമ്മിറ്റി കോഴിക്കോട് എന്നത് കൊച്ചിയെന്ന് വായിച്ചാലും എന്ന് എഴുതി തൽക്കാലം കൈകഴുകി.
കേരളത്തിൽ നിന്ന് ഹജിന് അവസരം ലഭിച്ച രണ്ട് വയസ്സിന് താഴെയുളള കുട്ടികളുടെ വിമാന നിരക്ക് 10,660 രൂപയായിരുന്നു ആദ്യ സർക്കുലറിലുണ്ടായിരുന്നത്. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ ഇതു മാറ്റി 11,660 രൂപയായി ഉയർത്തി. 6006 രൂപ വിമാന ടിക്കറ്റ് നിരക്കും 5653 വിമാനത്താവള നിരക്കുമടക്കമാണ് 11,660 രൂപയെന്ന് വ്യക്തമാക്കിയത്. മൂന്ന് വർഷം തുടർച്ചയായി ഹജും ഉംറയും നിർവ്വഹിച്ചവർ ഹജ് നിരക്കിനൊപ്പം രണ്ടായിരം റിയാൽ അധികം നൽകണമെന്ന നിർദേശവും മാറ്റി പിന്നീട് ജീവിതത്തിൽ ഒരിക്കൽ എന്നാക്കിയും മാറ്റി.
ഈ വർഷത്തെ ഷിയാ വിഭാഗക്കാർക്കുളള ഹജ് നിർദേശങ്ങളിലാണ് കോഴിക്കോട് എന്നു വ്യക്തമാക്കി പിന്നീട് കൊച്ചിയെന്ന് വായിച്ചാലും എന്നു എഴുതിച്ചേർത്ത് സർക്കുലറിക്കിയത്.
ഷിയാ വിഭാഗക്കാർക്ക് ഹജിന് നൂറ് റിയാൽ അധികം നൽകണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശം. അഹമ്മദാബാദ്, ഔറംഗാബാദ്, ബംഗ്ലൂരു, ഭോപാൽ, ഗയ, ജയ്പ്പുർ, നാഗ്പുർ, റാഞ്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ തീർത്ഥാടകരോടാണ് നൂറ് റിയാലിന് സമാനമായ 1760 രൂപ അധികം അടയ്ക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ഷിയാ വിഭാഗക്കാർക്ക് മക്കയുടേയും മദീനയുടേയും ഇടയിലാണ് ഇഹ്‌റാമിൽ പ്രവേശിക്കുന്ന സ്ഥലമായ മീഖാത്ത്. ജിദ്ദയിൽ വിമാനമിറങ്ങി ഇവരെ പ്രത്യേക വാഹനത്തിൽ അവിടെ എത്തിക്കാനാണ് പ്രത്യേക നിരക്ക് ഈടാക്കുന്നത്. ഷിയാ വിഭാഗത്തിൽ പെടാത്ത കേരളത്തിൽ നിന്ന് പോകുന്നവരുടെ മീഖാത്ത് അറബിക്കടലിലെ എലല്ലം എന്ന സ്ഥലത്തായതിനാൽ ഹജ് ക്യാമ്പിൽ നിന്ന് ഇഹ്‌റാം വേഷത്തിലാണ് പുറപ്പെടുന്നത്. ആയതിനാൽ ഷിയാ വിഭാഗക്കാരല്ലെത്തവർ ഈ തുക നൽകേണ്ടതില്ല.
കേന്ദ്ര ഹജ് കമ്മിറ്റി മുൻകൂട്ടി തയ്യാറാക്കിയ സർക്കുലർ പരിശോധിക്കാതെ ആവർത്തിച്ചപ്പോഴാണ് കോഴിക്കോട് എംപാർക്കേഷൻ പോയന്റ് മാറിയ വിവരം അറിയാതെ പോയത്. പിന്നീട് സർക്കുലറിൽ പ്രത്യേകം അടയാളപ്പെടുത്തി കോഴിക്കോട് എന്നെഴുതിയത് കൊച്ചിയെന്ന് വായിക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കുലറും കേന്ദ്രം പുറത്തിറക്കി.