ചില്ലറ വ്യാപാര മേഖലയിൽ ഊന്നൽ നൽകും
റിയാദ് - ചില്ലറ വ്യാപാര മേഖലക്ക് ഊന്നൽ നൽകി നാലു വർഷത്തിനകം സ്വദേശികൾക്ക് 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴിൽനയ കാര്യങ്ങൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് ഖത്താൻ പറഞ്ഞു. ഇതുവഴി തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായി കുറയ്ക്കാൻ കഴിയും.
തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് പൊതുവിൽ 12 ലക്ഷം തൊഴിലവസരങ്ങൾ ആവശ്യമാണ്. കഴിഞ്ഞ വർഷം മുതൽ സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിനാൽ ഇക്കാര്യത്തിൽ നേരിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ചില്ലറ വ്യാപാര മേഖലക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്. വിദേശികളുടെ വർധിച്ച സാന്നിധ്യമുള്ള ഈ മേഖലയിലെ തൊഴിലുകൾക്ക് വലിയ നൈപുണ്യം ആവശ്യമില്ല.
സൗദി തൊഴിൽ രഹിതരിൽ 47 ശതമാനവും സെക്കണ്ടറിയോ അതിൽ കുറവോ യോഗ്യതയുള്ളവരാണ്. ചില്ലറ വ്യാപാര മേഖലയിലെ തൊഴിലുകൾ ഇവർക്ക് അനുയോജ്യമായിരിക്കും. ഫർണിച്ചർ, സ്‌പെയർപാർട്‌സ്, വാച്ചുകൾ, കണ്ണടകൾ, പലഹാര-മിഠായി കടകൾ അടക്കം ചില്ലറ വ്യാപാര രംഗത്ത് 12 മേഖലകളിലെ തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് അടുത്ത സെപ്റ്റംബറിൽ തുടക്കമാകും.
വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ ഉയർത്തി വിദേശികളെയും സൗദികളെയും ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ തമ്മിലെ അന്തരം കുറച്ച് സൗദികളെ ജോലിക്കു വെക്കുന്നത് കൂടുതൽ ആകർഷണീയമാക്കാനാണ് ശ്രമിക്കുന്നത്. തൊഴിലുടമകൾ വിദേശികളെ വർധിച്ച തോതിൽ ആശ്രയിക്കുന്ന പ്രവണതയിൽ മാറ്റം വരേണ്ടതുണ്ട്. തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങൾ വലിയ തോതിൽ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം യന്ത്രവൽക്കരണം അവലംബിക്കുന്നതിന് തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്നും അഹ്മദ് ഖത്താൻ പറഞ്ഞു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനവും പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.