തൃശൂര്‍ - കുന്നംകുളത്ത് നിന്നും ആന പാപ്പാനാവാന്‍ കത്തെഴുതി വെച്ച് പുറപ്പെട്ട വിദ്യാര്‍ത്ഥികളെ പേരാമംഗലത്ത് നിന്നും കണ്ടെത്തി
പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളായ അയിനൂര്‍ തൈവളപ്പില്‍ വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന അരുണ്‍ (13), അരുവായി തറയില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ അതുല്‍ കൃഷ്ണ, (14), അയിനൂര്‍ മഠത്തിപറമ്പില്‍ വീട്ടില്‍ മനോജിന്റെ മകന്‍ അതുല്‍ കൃഷ്ണ (14) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ കാണാതായത്. ക്ലാസ് കഴിഞ്ഞ്ഇവര്‍ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആന പാപ്പാന്മാര്‍ ആകുന്നതിനാണ് ആഗ്രഹമെന്നും അതിനായി പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ എത്തിക്കോളാമെന്നും എഴുതിവച്ചാണ് ഇവര്‍ നാട് വിട്ടിരുന്നത്.
പുലര്‍ച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ ഇവിടെ എത്തിയിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഇവിടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടികളില്‍ ഒരാള്‍ പുറത്തിറങ്ങിയത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബസ്സിനുള്ളില്‍ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളച്ചിരുന്ന പേരമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെത്തി തങ്ങളെ പാപ്പാന്മാര്‍ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മേഖലയില്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പോലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗത്തും കെ.എസ്.ആര്‍.ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പിന്നീടാണ് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കുട്ടികളെ ഇവിടെ കണ്ടെത്തുകയായിരുന്നു.