Sorry, you need to enable JavaScript to visit this website.

റഷ്യ, ഉക്രൈന്‍ സമാധാനത്തിന് കിരീടാവകാശി പരിശ്രമിക്കുന്നു

റിയാദ് - റഷ്യ, ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന കരാറുണ്ടാക്കാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പരിശ്രമിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു ബ്രിട്ടീഷ് യുദ്ധത്തടവുകാരുടെ മോചനം സാധ്യമാക്കാന്‍ സൗദി കിരീടാവകാശി നടത്തിയ മധ്യസ്ഥശ്രമങ്ങളിലൂടെ സാധിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയും അടക്കം ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന നേതാക്കളുമായി മാസങ്ങളായി സൗദി കിരീടാവകാശി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാന്‍ സൗദി കിരീടാവകാശി അതിയായി ആഗ്രഹിക്കുന്നതായി സൗദി വൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷം ആഗോള തലത്തില്‍ അസ്ഥിരതയുണ്ടാക്കുന്നു. റഷ്യ, ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തങ്ങള്‍ പരിശ്രമിക്കുന്നതായി എല്ലാവര്‍ക്കും മുന്നില്‍ പരസ്യമാക്കേണ്ടതില്ല. ഫലങ്ങള്‍ ലഭിക്കുന്നതു വരെ ശാന്തമായി പ്രവര്‍ത്തിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് യുദ്ധത്തടവുകാരുടെ മോചനത്തെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംസാരിക്കുകയായിരുന്നു. ഉക്രൈന്‍ പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കിരീടാവകാശി പലതവണ സംസാരിച്ചിരുന്നു. ഉക്രൈന്‍ ദൂതനുമായി പലതവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ ഫലമായാണ് യുദ്ധത്തടവുകാരുടെ മോചനത്തിന് തനിക്ക് സഹായിക്കാന്‍ കഴിയുമെന്ന് കിരീടാവകാശി മനസ്സിലാക്കിയത്.
മൂന്നോ നാലോ മാസം നീണ്ട ശ്രമങ്ങളിലൂടെയാണ് യുദ്ധത്തടവുകാരുടെ മോചനം കിരീടാവകാശി സാധ്യമാക്കിയത്. ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് പുട്ടിന്‍ ഭീഷണി മുഴക്കിയ അതേ ദിവസം തന്നെയാണ് ഉക്രൈന്‍ ഗവണ്‍മെന്റിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത് കഴിഞ്ഞ മാസങ്ങളില്‍ തടവുകാരായി പിടിച്ച അഞ്ചു ബ്രിട്ടീഷുകാരെയും രണ്ടു അമേരിക്കക്കാരെയും മൊറോക്കൊ, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയും റഷ്യ വിട്ടയച്ച് സൗദി അറേബ്യക്ക് കൈമാറിയത്. ഇത് യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചുവടുവെപ്പുകള്‍ നടത്താന്‍ സൗദി കിരീടാവകാശിയെയും സൗദി ഗവണ്‍മെന്റിനെയും പ്രോത്സാഹിപ്പിക്കുമെന്ന് സൗദി വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തെ മുഴുവന്‍ ഈ യുദ്ധം അസ്ഥിരപ്പെടുത്തി. ഇപ്പോള്‍ ആണവ യുദ്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ആര്‍ക്കും നല്ലതല്ലെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞു.
സങ്കീര്‍ണതകള്‍ക്കിടയിലും തടവുകാരെ മോചിപ്പിക്കുന്നത് ഒരു മാനുഷിക സംരംഭം ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനെ ബോധ്യപ്പെടുത്താന്‍ കിരീടാവകാശിക്ക് സാധിച്ചതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. കിരീടാവകാശി ദീര്‍ഘകാലമായി ലോക വേദിയില്‍ സജീവമാണ്. പ്രശ്‌നപരിഹാര നേതാവായി കിരീടാവകാശി ഉയര്‍ന്നുവന്നു. ഇത് മറ്റു രാജ്യങ്ങളിലെ നേതാക്കളില്‍ നിന്ന് അദ്ദേഹത്തിന് വലിയ ബഹുമാനം നേടിക്കൊടുത്തതായും വിദേശ മന്ത്രി പറഞ്ഞു.

 

Latest News