കോട്ടയം- കോട്ടയം ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട പാലാ പോലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി.
ഈരാറ്റുപേട്ടയില്‍ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികള്‍ നടുറോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് പോലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാര്‍ജ് നടത്തിയത്. ഈരാറ്റുപേട്ട നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്.
അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരേ വ്യാപക കല്ലേറുണ്ടായി കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളില്‍ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.