കൊച്ചി- വൈപ്പിന്‍കരക്കാരുടെ യാത്രാക്ലേശത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി അന്നബെന്‍. വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് 18 വര്‍ഷങ്ങള്‍ തികഞ്ഞു. പാലം വന്നു, ബസുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിറുത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്‌റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസില്‍ കയറിവേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുവാന്‍. സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണെന്നും അന്ന ബെന്‍ കത്തില്‍ പറയുന്നു. കത്തിന്റെ കോപ്പി ഇന്‍സ്റ്റഗ്രാമിലും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്ക് ബസുകള്‍ വരുന്നു. വൈപ്പിന്‍ ബസ്സുകള്‍ക്കുമാത്രം നഗരത്തിലേക്കു പ്രവേശനമില്ല.നഗരത്തിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇത് അധിക ചെലവാണ്. സ്ഥാപിത താല്‍പ്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍, അര്‍പ്പണബോധവും ഉറച്ച തീരുമാനങ്ങളെടുക്കുവാന്‍ കഴിവുമുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിന്‍ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.