Sorry, you need to enable JavaScript to visit this website.

കേരളത്തിലെ റോഡുകള്‍  നെതര്‍ലാന്റ്‌സിലെ  പോലെ മനോഹരമാക്കും 

തിരുവനന്തപുരം- കേരളത്തിലെ റോഡുകള്‍  നെതര്‍ലാന്റ്‌സിലെ  പോലെ മനോഹരമാക്കാന്‍ പദ്ധതി. നിര്‍മ്മാണ രീതിയില്‍ അടിമുടി മാറ്റം വരുത്തി ദീര്‍ഘകാലം നിലനില്‍ക്കുന്ന ഡിസൈന്‍ റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നീക്കം തുടങ്ങി. അടിക്കടി തകരുന്ന റോഡുകളിലാവും പദ്ധതി നടപ്പാക്കുക. ഓരോ സ്ഥലത്തെയും റോഡുകള്‍ തകരാനുള്ള കാരണം കണ്ടെത്തി അതിനു പരിഹാരമാവുന്ന വിധത്തില്‍ നിര്‍മ്മാണ രീതി നിശ്ചയിക്കാനാണ് ആലോചന. വെള്ളപ്പൊക്കം രൂക്ഷമായ നെതര്‍ലാന്റസ്, ബംഗ്‌ളാദേശ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണ രീതികളെയാണ് മാതൃകയാക്കുന്നത്.
ആദ്യം സ്ഥിരം മഴക്കെടുതിക്ക് ഇരയാകുന്ന റോഡുകള്‍ വിദഗ്ദ്ധര്‍ സന്ദര്‍ശിച്ച് റോഡിന്റെ തകര്‍ച്ചയ്ക്കുള്ള കാരണം കണ്ടറിയും. ശക്തമായ മഴ, കുത്തൊഴുക്ക്, വെള്ളക്കെട്ട്, ഭൂമിയുടെയും റോഡിന്റെയും കിടപ്പ്, വാഹനപ്പെരുപ്പം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി നിര്‍മ്മാണരീതി നിശ്ചയിക്കും.കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍മ്മാണ മാതൃക ആവിഷ്‌കരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും സഹകരിക്കും.മാസ്‌കട്ട്  ഹോട്ടലില്‍ കഴിഞ്ഞയാഴ്ച നടത്തിയ ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നാടിന് ഇണങ്ങുന്ന വിദേശ നിര്‍മ്മാണ മാതൃക സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരുമാസത്തിനകം പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം സര്‍ക്കാരിന് കൈമാറും.
 

Latest News