കോഴിക്കോട് - പഞ്ചാബിലെ ലവ്ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി അഖിന്‍ എസ് ദിലീപിന്റെ ആത്മഹത്യയില്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ കുറിപ്പില്‍ പ്രസാദ് കൃഷ്ണക്കെതിരായ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
എന്‍.ഐ.ടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മര്‍ദം ചെലുത്തി എന്നാണ് വിദ്യാര്‍ഥി ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിര്‍ത്തിച്ചു എന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ചേര്‍ത്തല പള്ളുരുത്തി സ്വദേശി ദിലീപിന്റെ മകന്‍ അഖിനെ (21) ചൊവ്വാഴ്ചയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് പ്രഫ. പ്രസാദ് കൃഷ്ണക്കെതിരെ ഗുരുതര ആരോപണമുള്ളത്.
അതേസമയം, പ്രഫ. പ്രസാദ് കൃഷ്ണ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കണമെന്ന് എന്‍ഐടി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.ഐ.ടിയിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ലവ്ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അഖിന്‍.
നേരത്തെ എന്‍ഐടിയിലെ ബിടെക് വിദ്യാര്‍ഥിയായിരുന്നു. ഇവിടുത്തെ പഠനം അവസാനിപ്പിച്ചാണ് പഞ്ചാബിലേക്ക് പോയത്. അതേസമയം, ഡയറക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്നതോടെ വിശദീകരണവുമായി എന്‍ഐടി അധികൃതര്‍ രംഗത്തെത്തി. അവസാന വര്‍ഷത്തെ പഠനത്തിന് ശേഷവും ആദ്യ വര്‍ഷത്തെ പേപ്പറുകള്‍ പൂര്‍ത്തീകരിക്കാന്‍ അഖിന് സാധിച്ചില്ലെന്നും എന്‍ഐടി ചട്ട പ്രകാരം വിദ്യാര്‍ഥിക്ക് കോഴ്സില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരുന്നുവെന്നുമാണ് എന്‍ഐടി അധികൃതരുടെ വിശദീകരണം.
എന്നാല്‍, അന്ന് പഠനം നിര്‍ത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതില്‍ ഒരുപാട് ഖേദിക്കുന്നെന്നും അഖിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എന്‍ഐടിയില്‍ നിന്ന് പഠനം നിര്‍ത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളതെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം.
അഖിന്റെ മരണത്തിന് പിന്നാലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയത്. പത്തു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി സര്‍വകലാശാലയിലെത്തിയ പഞ്ചാബ് പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, അഖിന്റെ ബന്ധുക്കള്‍ ജലന്ധറിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കപൂര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ലവ്ലി പ്രഫഷണല്‍ സര്‍വകലാശാല അധികൃതരും അറിയിച്ചിട്ടുണ്ട്.