റിയാദ് - ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് അടുത്ത വര്‍ഷം രണ്ടു ബഹിരാകാശ സഞ്ചാരികളെ അയക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. ഇലോണ്‍ മാസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയില്‍ നിന്നുള്ള സ്‌പേസ് കാപ്‌സൂളില്‍ ബഹിരാകാശ സഞ്ചാരികളെ അയക്കാനാണ് നീക്കം. ഇതിലൂടെ അമേരിക്കയിലെ സ്വകാര്യ സ്‌പേസ് കമ്പനികളുമായി സഹകരണം ശക്തമാക്കുന്ന ഏറ്റവും പുതിയ ഗള്‍ഫ് രാജ്യമായി സൗദി അറേബ്യ മാറി.
രണ്ടു ബഹിരാകാശ സഞ്ചാരികളെ ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലേക്ക് അയക്കാന്‍ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഹൂസ്റ്റണ്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിയം സ്‌പേസ് കമ്പനിയുമായി സൗദി അറേബ്യ കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗവേഷകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി അമേരിക്കന്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശത്തേക്ക് പ്രത്യേക ദൗത്യങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. കരാര്‍ പ്രകാരം അടുത്ത വര്‍ഷാദ്യം സ്‌പേസ് എക്‌സ് കാപ്‌സൂളില്‍ രണ്ടു സൗദി ബഹിരാകാശ സഞ്ചാരികള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോകും.