ജിദ്ദ- മുസ്ലിംകളുടെ പ്രഥമ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ആരംഭിച്ച റോബോട്ട് സേവനത്തെ കറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുപ്രചാരണം. വിശുദ്ധ ഹറമില്‍ ഇപ്പോള്‍ റോബോട്ടുകളാണ് ജുമുഅ ഖുതുബകള്‍ നടത്തുന്നതെന്നും ബാങ്ക് വിളിക്കുന്നതെന്നുമാണ് പ്രചാരണം. കാലം മാറിയെന്നും മനുഷ്യര്‍ക്കു പകരം റോബോട്ടുകളാണ് മതഉദ്‌ബോധനങ്ങള്‍ നല്‍കുന്നതെന്നുമാണ് പതിവ് ഇസ്ലാം വിമര്‍ശകര്‍ നടത്തന്ന കുപ്രചരാണത്തിന്റെ അടിസ്ഥാനം.
മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും സാങ്കേതിക സൗകര്യത്തോടെയുള്ള റോബോട്ടിക് സേവനങ്ങളാണ് ഹറംകാര്യ വകുപ്പ് ഒരുക്കിയത്. ഹറം പള്ളി ഇമാമുമാരുടെ ഖുതുബകളും ഖുര്‍ആര്‍ പാരായണങ്ങളും മുഅദ്ദിന്‍മാരുടെ ബാങ്കുകളും കേള്‍ക്കാനുള്ള റോബോട്ടിക് സംവിധാനമാണിത്. അതായത് നേരത്തെ ഹറം ഇമാമുമാര്‍ നടത്തിയ ഖുതുബകള്‍ കേള്‍ക്കാനുള്ള അവസരം. ഇത്തരം ഖുതുബകള്‍ നിലവില്‍ തന്നെ റെക്കോര്‍ഡ് ചെയ്തവ ലഭ്യമാണ്.
ഇസ്ലാം വിദ്വേഷത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇമാമുകളുടെ ഖുതുബ ദൗത്യം റോബോട്ടുകള്‍ ഏറ്റെടുക്കകയല്ല.
ഇരുഹറം കാര്യാലയ മേധാവിയും ഹറം പള്ളി ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് ആണ് പുതിയ റോബോട്ട് തീര്‍ത്ഥാടകര്‍ക്കായി സമര്‍പ്പിച്ചത്. ഹറം പള്ളിയിലെ ഖത്തീബുമാരുടെയും മുഅദ്ദിന്‍മാരുടെയും സന്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കാനുള്ള സംവിധാനാണ് ഒരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റോബോട്ടിന്റെ പ്രവര്‍ത്തന രീതിയും അദ്ദേഹം വിശദീകരിച്ചു. ഖുര്‍ആന്‍ പാരായണം, ഖുതുബ, അദാന്‍ ഉള്‍പ്പെടെയുള്ളവ കേള്‍ക്കാന്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാവും. മൊബൈല്‍ ഫോണ്‍ വഴി ശബ്ദം കേള്‍ക്കാനും മറ്റു വിവരങ്ങള്‍ കാണാനും സാധിക്കും. ശബ്ദത്താലുള്ള കമന്റ് വഴി പ്രവര്‍ത്തിക്കുന്നതാണ് രണ്ടാമത്തെ സംവിധാനം. റോബോട്ടിനോട് ചോദിച്ചാല്‍ വിവരങ്ങള്‍ നല്‍കും. ഇമാമുമാരുടെയും മുഅദ്ദിന്‍മാരുടെയും ആഴ്ചയിലുള്ള ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതു വഴി ലഭിക്കും.