റിയാദ്- ആശ്രിത വിസയിലുള്ളവർക്ക് സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ അജീർ സിസ്റ്റത്തിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടതുണ്ടെന്നും ഇതിന് ഈ വർഷം മുതൽ 9500 റിയാൽ അടക്കേണ്ടി വരുമെന്നുമുള്ള വാർത്ത ശരിയല്ലെന്ന് അജീർ വകുപ്പ് അറിയിച്ചു. ആശ്രിത വിസക്കാർക്ക് ജോലി ചെയ്യാൻ അജീറിൽ രജിസ്റ്റർ ചെയ്യാൻ 1600 റിയാൽ മാത്രമേ ചെലവു വരികയുള്ളൂവെന്ന് മലയാളം ന്യൂസിനോട് അജീർ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ഫീസുകളൊന്നും നിലവിൽ അജീർ ഈടാക്കുന്നില്ല.
സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ആശ്രിത വിസക്കാരായ അധ്യാപകർക്ക് അജീർ ഫീസായി 9500 റിയാൽ അടക്കേണ്ടി വരുമെന്ന വാർത്ത സൗദിയിലെ ഇന്ത്യൻ സ്‌കൂൾ അധികൃതരാണ് ആദ്യം പുറത്തുവിട്ടത്. 2015 ലാണ് ഈ ഫീസ് പ്രഖ്യാപിച്ചതെന്നും ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകുമെന്നും തൊഴിൽ മന്ത്രാലയത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം മുഖേനയാണ് സർക്കുലർ എത്തിയതെന്നും ചില സ്‌കൂൾ അധികൃതർ അവകാശപ്പെട്ടിരുന്നു. ഈ വർത്തയുടെ ചുവടു പിടിച്ചാണ് ട്യൂഷൻ ഫീ വർധനക്ക് സ്‌കൂളുകൾ തീരുമാനമെടുത്തതും. ഇതു സംബന്ധിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും ഏറെ ആശങ്ക പരത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരം സർക്കുലർ ലഭിച്ചിട്ടില്ലെന്നും കേട്ടുകേൾവി മാത്രമാണെന്നും സ്ഥിരീകരണമുണ്ടായി.