കോഴിക്കോട് -കര്‍ടകയില്‍ പോയി ഹിജാബ് നിരോധനത്തിനെതിരെ വലിയ വായയില്‍ സംസാരിക്കുകയും കേരളത്തില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതും സംസ്ഥാന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം സ്‌കൂള്‍ അധികൃതര്‍ നിരന്തരമായി നിഷേധിച്ച് കൊണ്ടിരിക്കയാണ്. ഈ വിഷയം സൂചിപ്പിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ നിന്നും ടി.സി വാങ്ങേണ്ടി വന്നു. ഇത് തനിക്കിഷ്ടപ്പെട്ട സ്‌കൂളില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തത് അംഗീകരിക്കാനാവില്ല.
സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.