Sorry, you need to enable JavaScript to visit this website.

റിയാദ് ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന  -പ്രതിഷേധവുമായി രക്ഷിതാക്കൾ 

റിയാദ്- റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസ് കുത്തനെ വർധിപ്പിച്ചതിൽ രക്ഷിതാക്കൾക്ക് പ്രതിഷേധം. മുൻ വർഷത്തേക്കാൾ 30 ശതമാനത്തോളം വർധനവാണ് പുതിയ അധ്യയന വർഷത്തേക്ക് കൂട്ടിയിരിക്കുന്നത്. ചെലവു ചുരുക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്കും പ്രിൻസിപ്പലിനും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഇ-മെയിലുകൾ അയച്ചു.
നേരത്തെ ഇതു സംബന്ധിച്ച് മാനേജിംഗ് കമ്മിറ്റിയോട് പരാതിപ്പെട്ടപ്പോൾ ഭാരിച്ച ചെലവ് കാരണം ഫീസ് കുറക്കാനാകില്ലെന്നാണ് നിലപാടെടുത്തതെന്ന് രക്ഷിതാക്കൾ പറയുന്നു. തുടർന്ന് ചെലവു ചുരുക്കുന്നതിന് രക്ഷിതാക്കളുടെ നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെട്ടിടം, വാഹനങ്ങൾ, സെക്യൂരിറ്റി തുടങ്ങിയവയുടെ വാടക ചാർജുകൾ ബന്ധപ്പെട്ടവരുമായി സംസാരിച്ച് കുറക്കുക, സ്‌കൂൾ അവധി ദിവസങ്ങളിൽ സ്റ്റേഡിയവും ഓഡിറ്റോറിയവും വാടകക്ക് നൽകുക, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു കാമ്പസിലേക്ക് മാറ്റി ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കി കെട്ടിട വാടക ലാഭിക്കുക, അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ അനാവശ്യ ചെലവു കുറക്കുക, വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ അനാവശ്യ സ്റ്റാഫിനെ ഒഴിവാക്കുക, ഫീസിൽ ആനുകൂല്യം നൽകി അഡ്മിഷൻ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾ ബന്ധപ്പെട്ടവർക്കയച്ച ഇ-മെയിലുകളിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ചർച്ച രക്ഷിതാക്കളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും സജീവമായിരിക്കുകയാണ്. 

കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മൂന്നു മാസത്തേക്ക് 1110 റിയാലും ആറു മുതൽ 10 വരെയുള്ളവർക്ക് 1185 റിയാലും 11, 12 ക്ലാസുകാർക്ക് 1335 റിയാലുമാണ് ഫെബ്രുവരിയിൽ പുറത്തുവിട്ട പുതുക്കിയ ഫീസ്. കഴിഞ്ഞ അധ്യയന വർഷം ഇത് 885, 960, 1110 എന്നിങ്ങനെയായിരുന്നു. സയൻസ് ആൻഡ് ലബോറട്ടറി ഫീസിനത്തിലും 100 റിയാലിന്റെ വർധനവുണ്ട്. ഏപ്രിൽ, ജൂൺ, ഒക്ടോബർ, ജനുവരി മാസങ്ങളിലാണ് ഫീസ് അടക്കേണ്ടത്. സയൻസ് ആൻഡ് ലബോറട്ടറി ഫീസും 200 റിയാലായി വർധിപ്പിച്ചിരുന്നു. സാധാരണ ഫീസ് വർധന സംബന്ധിച്ച് രക്ഷിതാക്കളെ സർക്കുലർ അയച്ചാണ് അറിയിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഫീസ് വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. അന്നു മുതൽ തന്നെ കുത്തനെയുള്ള ഫീസ് വർധനയിൽ രക്ഷിതാക്കൾ അമർഷത്തിലായിരുന്നു. അതിനിടെ ആശ്രിത വിസയിലുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ 9500 റിയാൽ വാർഷിക ഫീസ് വരുന്നുണ്ടെന്നും അത് സ്‌കൂളുകൾ വഹിക്കേണ്ടി വരുന്നതിനാൽ ചെലവ് വൻതോതിൽ വർധിക്കുമെന്നും ചില സ്‌കൂൾ അധികൃതർ പ്രചരിപ്പിക്കുകയും ചെയ്തു.
ആശ്രിത ലെവി നടപ്പാക്കിയത് കാരണം കുടുംബങ്ങൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതിനാൽ സ്‌കൂളിൽ കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് ഈ അധ്യയന വർഷം മുതൽ ഫീസ് വർധിപ്പിക്കാൻ ഭരണസമിതിക്ക് തീരുമാനമെടുക്കേണ്ടി വന്നത്. സ്‌കൂളിന്റെ വരവും ചെലവും തമ്മിൽ പൊരുത്തപ്പെടാനാവാത്തതാണ് ഫീസ് വർധിപ്പിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

Latest News