ബംഗളൂരു - തുടർച്ചയായ രണ്ടാം മത്സരത്തിലും എബി ഡിവിലിയേഴ്‌സ് കൊടുങ്കാറ്റഴിച്ചുവിട്ടെങ്കിലും ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയം തട്ടിയെടുത്തു. ഡിവിലിയേഴ്‌സും (30 പന്തിൽ 68) ഓപണർ ക്വിന്റൻ ഡികോക്കും (37 പന്തിൽ 53) ബാംഗ്ലൂരിനെ എട്ടിന് 205 വൻ സ്‌കോറിലേക്ക് നയിച്ചെങ്കിലും അമ്പാട്ടി രായുഡുവും ക്യാപ്റ്റൻ മഹേന്ദ്ര ധോണിയും ചേർന്ന് രണ്ട് പന്ത് ശേഷിക്കെ ചെന്നൈയെ അഞ്ച് വിക്കറ്റ് വിജയത്തിലെത്തിച്ചു. കോറി ആൻഡേഴ്‌സനെ തന്റെ ഏഴാം സിക്‌സറിന് പറത്തി ധോണിയാണ് (34 പന്തിൽ 70 നോട്ടൗട്ട്) വിജയം പൂർത്തിയാക്കിയത്.
യുസ്‌വേന്ദ്ര ചഹലിനു മുന്നിൽ (4-0-26-2) തുടക്കത്തിൽ പതറിയ ചെന്നൈയെ അമ്പാട്ടി രായുഡുവും (53 പന്തിൽ 82) ധോണിയും ചേർന്നുള്ള 101 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. രായുഡു എട്ട് സിക്‌സറുകൾ പറത്തി. ഷെയ്ൻ വാട്‌സനും (7) സുരേഷ് റയ്‌നയും (11) രവീന്ദ്ര ജദേജയുമൊക്കെ (3) പരാജയപ്പെട്ട ശേഷമാണ് ഇരുവരും കൈകോർത്തത്.
നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ (15 പന്തിൽ 18) തുടക്കത്തിൽ തന്നെ പുറത്താക്കിയെങ്കിലും ഡിവിലിയേഴ്‌സും ഡികോക്കും ചെന്നൈ ബൗളർമാരെ നിഷ്‌കരുണം നേരിട്ടു. അവസാന രണ്ടോവറിൽ നാല് വിക്കറ്റ് വീണത് ബാംഗ്ലൂരിന് വലിയ തിരിച്ചടിയായി. ഡിവിലിയേഴ്‌സും ഡികോക്കും 8.4 ഓവറിൽ അടിച്ചത് 103 റൺസായിരുന്നു. 23 പന്തിൽ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം ഡിവിലിയേഴ്‌സ് അർധ ശതകം പിന്നിട്ടു. ഡികോക്ക് 35 പന്തിൽ അർധ ശതകത്തിലെത്തി. 49 പന്തിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. അതിൽ അവസാന 50 റൺസ് വെറും 13 പന്തിലായിരുന്നു. ഹർഭജൻ സിംഗിനെയും ഇംറാൻ താഹിറിനെയും രവീന്ദ്ര ജദേജയെയുമൊക്കെ ഇരുവരും ഗാലറിയിലേക്ക് പറത്തി. ശാർദുൽ താക്കൂറിനെ തുടർച്ചയായി മൂന്ന് സിക്‌സറടിച്ചാണ് ഡിവിലിയേഴ്‌സ് അർധ ശതകത്തിലെത്തിയത്. ഡ്വയ്ൻ ബ്രാവോയാണ് സ്വന്തം പന്തിൽ ഡികോക്കിനെ പിടിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചത്.