കൊച്ചി- തനിക്ക് ജോലി നല്‍കിയ സംഘപരിവാര്‍ ബന്ധമുള്ള പാലക്കാട്ടെ എച്ച് ആര്‍ ഡി എസിനെ തള്ളി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി തനിക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ അറിവോടെയല്ല ഇത് ചെയ്തത്. അവരുടെ താല്പര്യം എന്തെന്ന് അറിയില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ഇ ഡിയെ സമീപിച്ചിരുന്നത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നായിരുന്നു അജികൃഷ്ണന്‍ പറഞ്ഞത്. ഇതിന് വിരുദ്ധമാണ് സ്വപ്‌നയുടെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചശേഷം വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സ്വപ്‌ന പക്ഷെ താന്‍ നിശബ്ദയായെന്ന ആക്ഷേപം തള്ളി. തന്റെ പോരാട്ടം തുടരുമെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ പറഞ്ഞു. താന്‍ നിശബ്ദയായി എന്ന പ്രചാരണം ശരിയല്ല. രാഷ്ട്രീയ താപര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ തൃപ്തയാണ്. ഇ ഡി അന്വേഷണം കഴിയുമ്പോള്‍ നീതി കിട്ടും എന്നാണ് പ്രതീക്ഷ.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് താമസമാക്കിയ സ്വപ്‌ന സുരേഷ് താന്‍ ബാംഗ്ലൂരിലേക്ക് താമസം മാറ്റുകയാണെന്നും അറിയിച്ചു. ബാംഗ്ലൂരില്‍ പുതിയ ജോലി ലഭിച്ചതിനാല്‍ അവിടേക്ക് പോകാന്‍ കോടതിയുടെ അനുമതി തേടുമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌നയുടെ ജീവിത പങ്കാളി സരിത്തിനും ബാംഗ്ലൂരില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇയാളും സ്വപ്‌നക്കൊപ്പം ബാംഗ്ലൂരിലേക്ക് ചേക്കേറും. കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാന്‍ ശ്രമം നടന്നുവെന്നും എന്നാല്‍ ബാംഗ്ലൂര്‍ പൊലീസ് ഇടപെട്ട് അത് തടയുകയായിരുന്നെന്നും സ്വപ്‌ന ആരോപിക്കുന്നു.