കാസര്‍കോട് - കാസര്‍കോട് ഉപ്പളയില്‍നിന്നു മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് കോള്‍ വരും. മൊബൈല്‍ ഫോണ്‍ വില്‍ക്കാനുണ്ട്. ബന്ധുക്കള്‍ അതുമായി അവിടെ വരും. പണം അക്കൗണ്ടില്‍ ഇട്ടാല്‍ മതിയെന്ന് പറയും. അധികം വൈകാതെ ബന്ധുക്കള്‍ എത്തും. ഇവരെ വിശ്വസിച്ചു കച്ചവടം ഉറപ്പിച്ചു പണം അയച്ചു കൊടുത്താല്‍ പണവും പോകും, പിന്നാലെ ഫോണ്‍ തട്ടിയെടുത്ത് ബന്ധുക്കളുടെ വേഷത്തില്‍ എത്തിയവര്‍ സ്ഥലവും വിടും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തട്ടിപ്പിന്റെ പുതിയ രീതികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കെ ചെറുവത്തൂര്‍ ടൗണിലെ മൊബൈല്‍ ഷോപ്പ് ഉടമക്ക് നഷ്ടമായത് 19000 രൂപയും കച്ചവടം ഉറപ്പിച്ച ഐ ഫോണും സ്വന്തം പേരിലുള്ള മൊബൈല്‍ സിമ്മുമാണ്. ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ സി. പി. എം ഓഫീസ് കെട്ടിടത്തില്‍ വാട്‌സ്ആപ് മൊബൈല്‍ ഷോപ്പ് നടത്തുന്ന കണ്ണംകൈ സിയാദ് മന്‍സിലില്‍ എം. സിയാദ് മുഹമ്മദിനെ കബളിപ്പിച്ചാണ് സംഘം പണം തട്ടിയത്. ഉപ്പളയില്‍നിന്നാണെന്ന് പറഞ്ഞു ഷെഫീഖ് എന്ന പേരിലാണ് ഒരാള്‍ തന്നെ വിളിച്ചതെന്നും കോട്ടയം ഭാഷയില്‍ ആണ് സംസാരിച്ചതെന്നും സിയാദ് മുഹമ്മദ് പറയുന്നു. 60000 രൂപ വിലയുള്ള ആപ്പിള്‍ ഐ ഫോണ്‍ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഫോണ്‍ വിളിച്ചത്. രാത്രി ഏഴ് മണിയോടെ ഇയാളുടെ ബന്ധുക്കള്‍ എന്ന് പരിചയപ്പെടുത്തി കുഞ്ചത്തൂരിലെ അഷ്‌റഫും അബ്ദുല്‍ അനീഷും മറ്റൊരാളും ഷോപ്പിലെത്തി.
ഹുണ്ടായി കാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കടയില്‍ കയറിയത്. സംഘം ഐ ഫോണ്‍ സിയാദിന്റെ കൈയില്‍ കൊടുത്തു. പരിശോധിച്ച ശേഷം സ്വന്തം വി ഐ സിം അതിലിട്ടു ഉപയോഗിച്ച് നോക്കി.60000 രൂപക്ക് കച്ചവടം ഉറപ്പിച്ചു.4000 അയച്ചാല്‍ മതിയെന്നും 20000 രൂപ നേരില്‍ വന്ന് വാങ്ങിക്കോളാമെന്നും ഷെഫീഖ് പറഞ്ഞു. വന്നവരും ഫോണ്‍ വിളിച്ചയാളും
ബന്ധുക്കള്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫോണ്‍ വിളിച്ചയാള്‍ വാട്‌സ്ആപ് അയച്ചു തന്ന നമ്പറിലേക്ക് 19000 രൂപ അയച്ചു കൊടുത്തു.ഫോണിന്റെ ലോക്കും പാസ്വേര്‍ഡും ഇയാള്‍ നല്‍കിയിരുന്നു. അത് വെച്ചാണ് ഫോണ്‍ തുറന്നത്. പണം കിട്ടിയെന്ന് ബോധ്യപ്പെട്ട മൂന്ന് പേരും പുറത്തിറങ്ങിയ ശേഷം
ഫോണ്‍ കൗണ്ടറില്‍ വെച്ച സിയാദ് മറ്റൊരു ചടങ്ങില്‍ പോയി. സിയാദ് പോയ തക്കം നോക്കി വീണ്ടും ഷോപ്പിലേക്ക് വന്ന സംഘം ജീവനക്കാരനോട് സംസാരിക്കാന്‍ എന്ന വ്യാജേന കയറി യുവാവിന്റെ ശ്രദ്ധ തിരിച്ച ശേഷം ഐ ഫോണ്‍ കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.ഷോപ്പില്‍ എത്തിയ മൂവ്വര്‍ സംഘം സി. സി ടി വി ദൃശ്യത്തില്‍ കുടുങ്ങിയിട്ടുണ്ട്. സംശയാസ്പദമായ ഇവരുടെ പെരുമാറ്റം മുഴുവന്‍ അതില്‍ ദൃശ്യമാണ്. സംഭവത്തില്‍ ഇവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറും പണം അയച്ച അക്കൗണ്ട് നമ്പറും എല്ലാം ഉള്‍പ്പെടുത്തി സിയാദ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം നിരവധി തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. അതേസമയം പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് സിയാദ് പരാതിപ്പെട്ടു.