മക്ക - മക്കയോടുള്ള സ്‌നേഹം കാരണം ലിവർപൂളിന്റെ ഈജിപ്തുകാരൻ സ്‌ട്രൈക്കർ മുഹമ്മദ് സലാഹ് ഏക മകൾക്ക് നൽകിയ പേര് മക്കയെന്നാണ്. മക്കയിലെ ഒരു വ്യവസായിയും മക്ക മുനിസിപ്പിൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഫഹദ് അൽ റൂഖി ഇപ്പോൾ സലാഹിന് പുണ്യഭൂമിയിൽ ഭൂമി നൽകിയിരിക്കുകയാണ്.
എന്നാൽ പാരമ്പര്യമായി കിട്ടിയതോ വഖഫ് ആക്കിയതോ അല്ലാത്ത ഭൂമി വിദേശികൾ കൈവശം വെക്കുന്നതിന് മക്കയിൽ നിരോധനമുണ്ട്. മുനിസിപ്പൽ ഭരണാധികാരി തന്നെ ഈ ചട്ടം ലംഘിച്ചത് പലരും ചോദ്യം ചെയ്യുന്നുണ്ട്.
എന്നാൽ ഭൂമി നൽകുമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും എവിടെയെന്ന് പറഞ്ഞിട്ടില്ലെന്നും റൂഖി വിശദീകരിച്ചു. വേണമെങ്കിൽ ഭൂമിക്ക് തുല്യമായ തുക സലാഹിന് നൽകാം. അല്ലെങ്കിൽ ഈ ഭൂമി മറ്റാരുടെയെങ്കിലും പേരിൽ രജിസ്റ്റർ ചെയ്ത് സ്വന്തം തുക ഉപയോഗിച്ച് സലാഹിന് ക്ഷേമപദ്ധതികൾ നടപ്പാക്കാം. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഇക്കാര്യം ആലോചിച്ച് നടപ്പാക്കുമെന്ന് റൂഖി അറിയിച്ചു.