ഇന്ത്യയിലിപ്പോൾ തരംഗമാവുന്നത് വന്ദേഭാരത് ട്രെയിനുകൾ. പ്രധാന നഗരങ്ങളെ ചുരുങ്ങിയ സമയത്തിനിടെ ബന്ധിപ്പിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിനുകളാണ് ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത്. പുതിയതൊരെണ്ണം രണ്ടാഴ്ചക്കകം മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓടിത്തുടങ്ങും. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയെ അതിസമ്പന്നരുടെ നഗരമായ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ അഞ്ചു മണിക്കൂറിൽ താഴെ സമയമെടുത്ത് ലക്ഷ്യസ്ഥാനത്തെത്തും. വ്യവസായ-വാണിജ്യ പ്രാധാന്യമുള്ള സൂറത്ത്, വഡോദര നഗരങ്ങളിൽ മാത്രമാണ് വഴിയിൽ സ്‌റ്റോപ്പ്. ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് നിരക്ക് അൽപം കൂടും. 1144 രൂപയാണ് ചെയർ കാറിൽ. ഉയർന്ന ക്ലാസിൽ പരമാവധി 2349 രൂപയും. പ്രധാന പാതയായതിനാൽ ഫീസിബിലിറ്റിയെ കുറിച്ച് ഒട്ടും സംശയമില്ല. നിർമാണം പുരോഗമിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനും ഇതേ റൂട്ടിലാണ്. ഈ ട്രെയനിന്റെ പരീക്ഷണ ഓട്ടം നടത്തിയപ്പോൾ ആദ്യ 52 സെക്കന്റിൽ 100 കിലോ മീറ്റർ വേഗം കൈവരിക്കാനായി. ഇതിന് അനുവദിച്ച പരമാവധി സ്പീഡ് മണിക്കൂറിൽ 180 കിലോമീറ്ററാണ്.
എല്ലാ പ്രധാന സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽവേ ഇന്ന് ആധുനികവൽക്കരണത്തിന്റെ പാതയിലാണ്. നവീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ ട്രാക്കിലെത്തുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. നിരവധി പുത്തൻ ഫീച്ചറുകളുമായാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ടതും മികച്ചതുമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകൾ ഈ മാസം 30 ന് ട്രാക്കിലെത്തും. റെയിൽവേ മന്ത്രാലയത്തിന്റെ പ്രഖ്യാപനം അനുസരിച്ച്, അതിവേഗ ട്രെയിനായ വന്ദേ ഭാരതിന്റെ പുതിയ പതിപ്പിൽ ഏറെ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കും. പദ്ധതി പ്രകാരം മുന്നോട്ടു പോകുകയാണെങ്കിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 30 മുതൽ ഓടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിശദാംശങ്ങൾ നൽകി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
'ട്രെയിനിന് സി.ആർ.എസ് അനുമതി ലഭിച്ചു. ഇപ്പോൾ ട്രെയിൻ പൂർണമായും ഓടാൻ തയാറാണ്. സെപ്റ്റംബർ 30 ന് അഹമ്മദാബാദിൽ നിന്ന് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യാനാണ് സാധ്യത -അദ്ദേഹം പറഞ്ഞു.
പുതിയ വന്ദേഭാരത് ട്രെയിനുകൾക്ക് പഴയ ട്രെയിനുകളെ അപേക്ഷിച്ച് ഭാരം കുറവാണ്. കൂടാതെ, ഇവയ്ക്കു വേഗതയും കൂടും.
കാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും ഈ ട്രെയിനിലുണ്ടാകും. ഈ പുതിയ ട്രെയിനിൽ വായു ശുദ്ധീകരണത്തിനായി ഏറ്റവും പുതിയ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. പുതിയ ട്രെയിനിൽ, വായു ശുദ്ധീകരണത്തിനായി പുതുതായി രൂപകൽപന ചെയ്ത റൂഫ് മൗണ്ടഡ് പാക്കേജ് യൂനിറ്റാണ് ഉള്ളത്. ഈ സംവിധാനം അണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവ അടങ്ങിയ അശുദ്ധ വായു പുറന്തള്ളി വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. നിലവിലെ ട്രെയിനുകളിൽ സീറ്റിന്റെ പിൻഭാഗം മാത്രമേ നീക്കാൻ കഴിയൂ എന്നാൽ പുതിയ ട്രെയിനിൽ മുഴുവൻ സീറ്റും യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് നീക്കാനാകും.
അടുത്ത മൂന്ന് വർഷത്തിനകം 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ സർവീസുകളെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ പറഞ്ഞിരുന്നു. സെമി ഹൈസ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനുകളായ വന്ദേഭാരത്, പി.എം ഗതിശക്തിയുടെ പദ്ധതിക്കു കീഴിലാണ് നിർമിക്കുന്നത്. ഉരുക്കിനു പകരം ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിർമിക്കുന്ന ഈ ട്രെയിനുകൾ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ചതാണ്. 16 കോച്ചുകളുള്ള ഒരു ട്രെയിനിനു 106 കോടി രൂപയാണ് ആദ്യം ചെലവ് വന്നത്. ഇനിയങ്ങോട്ട് ഓരോന്നിനും 25 കോടി രൂപ മതി. സ്റ്റീൽ നിർമിത വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ഊർജ ഉപഭോഗം കുറവായതിനാൽ ലാഭിക്കുന്ന പണം വളരെ കൂടുതലാണ്.
ആന്റികൊളിഷൻ സംവിധാനമുള്ളതാണ് ഈ ട്രെയിനുകൾ. 2023 ഓഗസ്റ്റ് 15 നകം 75 റൂട്ടുകളിലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി 44 വന്ദേഭാരത് ട്രെയിനുകളുടെ ആദ്യ ഘട്ടം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. ഇപ്പോൾ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ദൽഹിയിൽനിന്നു വരണാസിയിലേക്കും കത്രയിലേക്കുമാണിത്.
ഇന്ത്യൻ എൻജിനീയർമാരുടെ നേതൃത്വത്തിൽ നിർമിച്ച വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് ലോകനിലവാരത്തിലുള്ള ട്രെയിനുകൾ നിർമിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) 18 മാസത്തിനുള്ളിൽ ഇത് രൂപകൽപന ചെയ്ത് നിർമിക്കുകയായിരുന്നു. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാൾ 40% കുറവ് ചെലവാണ് ആദ്യ തലമുറ ട്രെയിനിനു വേണ്ടിവന്നത്. അതാണ് ഇനിയും നാലിലൊന്നായി കുറയാൻ പോകുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ കോച്ച് ഉണ്ട്. ഇത് ലൈനിന്റെ ഓരോ അറ്റത്തും വേഗത്തിൽ തിരിയാൻ അനുവദിക്കുന്നു. 1128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ട്രെയിനിലുള്ളത്. സെന്റർ കമ്പാർട്ടുമെന്റുകളിൽ രണ്ടെണ്ണം 52 വീതം ഇരിക്കാവുന്ന ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളാണ്. ബാക്കിയുള്ളവ 78 വീതം ഇരിക്കാവുന്ന കമ്പാർട്ടുമെന്റുകളാണ്.
പൂർണമായും തദ്ദേശീയമായി നിർമിച്ച പൂർണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിൻ ഓടാൻ പ്രത്യേക എൻജിന്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയിൽ കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിൻ ചലിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രഖ്യാപിത വേഗം. നിലവിൽ 130 കിലോമീറ്ററാണ് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാൽ പരീക്ഷണ ഓട്ടങ്ങളിൽ 180 കിലോമീറ്റർ വേഗം വന്ദേഭാരത് കൈവരിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17 നാണ് ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. ദൽഹി-വരാണസി റൂട്ടിലാണ് ഇത് പ്രവർത്തിക്കുന്നത്, കാൺപൂർ, അലഹബാദ് വഴി പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിയെ തലസ്ഥാന നഗരവുമായി ബന്ധിപ്പിച്ച് റൂട്ടിലെ യാത്രാ സമയം 15 ശതമാനം കുറച്ചു.
ഇന്ത്യ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചു വരികയാണ്. ഇതിനനുസൃതമായി വിവിധ കേന്ദ്രങ്ങളിൽ നഗരങ്ങളെ ബന്ധിപ്പിച്ച് ഇത്തരം തീവണ്ടികൾ ആരംഭിക്കാനുള്ള സമ്മർദം ഏറി വരികയാണ്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങൾക്കായി ആവശ്യമുയർന്നു. ഉത്തരേന്ത്യയിൽ അമൃത്‌സറിനും ദൽഹിക്കുമിടയിൽ ട്രെയിൻ തുടങ്ങാൻ കടുത്ത സമ്മർദമാണ്. കേരളത്തിന് വേണ്ടി ആരും ഉത്സാഹിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. രണ്ടു ലക്ഷം കോടി പാഴ്‌ചെലവ് വരുന്ന കെ-റെയിലാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഇപ്പോൾ തന്നെ കൊച്ചിയ്ക്കും കോഴിക്കോടിനുമിടയിൽ മൂന്ന് മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന കൊച്ചുവേളി-ഇൻഡോർ എക്‌സ്പ്രസ് ഉൾപ്പെടെ പല ട്രെയിനുകളുണ്ട്. ഇതിനൊക്കെ സ്റ്റോപ്പുകളുമുണ്ട്. കേരളത്തിനും ഒരു വന്ദേഭാരത് ലഭിച്ചാൽ കെ-റെയിൽ സ്വപ്‌നം കാണുന്നത് നിർത്താം. നാല് മണിക്കൂറിൽ താഴെ സമയം കൊണ്ട് കേരളത്തിനകത്ത് ചുരുങ്ങിയ ചെലവിൽ വന്ദേഭാരതിൽ യാത്ര ചെയ്യാം.