ലിവർപൂൾ - കൈകളുയർത്തി മുഹമ്മദ് സലാഹ് ഗ്രൗണ്ടിലേക്കു നോക്കി, തന്റെ ഗോളുകളുടെ വശ്യസൗന്ദര്യത്തിന്റെ പേരിൽ മാപ്പ് ചോദിക്കുന്നതു പോലെ. സലാഹിന്റെ പഴയ കൂട്ടാളികളായ റോമ കളിക്കാർ ഞെട്ടിത്തരിച്ചു. അവിസ്മരണീയ രാവിൽ ആൻഫീൽഡ് ഗ്രൗണ്ടിൽ ആഘോഷം ഉച്ചസ്ഥായിയിലായി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ സെമി ആദ്യ പാദത്തിലെ 5-2 ജയം ലിവർപൂളിന് കലാശപ്പോരാട്ടത്തിൽ ഏതാണ്ട് സ്ഥാനമുറപ്പിച്ചു.
ലിവർപൂളിലെ തന്റെ അമ്പരപ്പിക്കുന്ന ആദ്യ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിൽ രണ്ട് വേൾഡ് ക്ലാസ് ഗോളുകളാണ് സലാഹ് നേടിയത്. സാദിയൊ മാനെക്കും റോബർട് ഫിർമിനോക്കും ഗോളടിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിന്റെ 23 വർഷത്തെ ചരിത്രത്തിലാദ്യമായാണ് സെമി ആദ്യ പാദത്തിൽ ഒരു ടീം അഞ്ച് ഗോൾ ലീഡ് നേടുന്നത്. ഒടുവിൽ സലാഹ് തന്നെ തന്റെ പഴയ ക്ലബ്ബിന് കച്ചിത്തുരുമ്പ് നൽകി. എഴുപത്തഞ്ചാം മിനിറ്റിൽ ലിവർപൂൾ സലാഹിനെ പിൻവലിച്ചു. പിന്നീട് രണ്ട് ഗോൾ തിരിച്ചടിച്ച റോമ എതിരാളികളുടെ ലീഡ് മൂന്ന് ഗോളിലൊതുക്കി. മൂന്ന് ഗോൾ ലീഡ് അത്ര വലിയ പ്രശ്‌നമല്ലെന്ന് രണ്ടാഴ്ച മുമ്പ് ബാഴ്‌സലോണക്കെതിരായ ക്വാർട്ടറിൽ റോമ തെളിയിച്ചതുമാണ്. കളി പോക്കറ്റിലാക്കാൻ കിട്ടിയ സുവർണാവസരം ലിവർപൂൾ പാഴാക്കി. അപ്രതീക്ഷിതമായി കിട്ടിയ പ്രതീക്ഷയുടെ കച്ചിത്തുരുമ്പിൽ റോമ ആരാധകർ ദീർഘനേരം പാട്ടുപാടി ആഘോഷിച്ചു. എങ്കിലും ലിവർപൂളിന് തന്നെയാണ് വ്യക്തമായ മുൻതൂക്കം.
ഒന്നിനൊന്ന് മികച്ചതായിരുന്നു സലാഹിന്റെ രണ്ട് ഗോളും. മുപ്പത്താറാം മിനിറ്റിൽ ലിവർപൂൾ പകുതിയിൽ എഡിൻ സെക്കൊ കൈവിട്ട പന്താണ് അവസരം തുറന്നത്. വലതു വിംഗിലൂടെ ബോക്‌സിലേക്ക് കയറിയ സലാഹ് അതിമനോഹരമായി വളച്ചുവിട്ട പന്ത് വിദൂരപോസ്റ്റിനു സമീപം ക്രോസ്ബാറിനടിയിൽ തട്ടി വലയിട്ടു കുലുക്കി. ഇതിനെക്കാൾ മനോഹരമായി പന്ത് പ്ലെയ്‌സ് ചെയ്യാനില്ല. 'ജീനിയസ് സ്‌ട്രൈക്ക്' എന്നാണ് ആ ഗോളിനെ ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ് വിശേഷിപ്പിച്ചത്.
പോസ്റ്റിനു മുന്നിലെ സംയമനത്തിന്റെ പ്രതീകമായിരുന്നു ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലെ രണ്ടാം ഗോൾ. ഫിർമിനോ നൽകിയ ത്രൂബോളുമായി യുവാൻ ജീസസിനെ ഓട്ടത്തിൽ തോൽപിച്ച സലാഹ് കയറി വന്ന ഗോളി ആലിസന്റെ തലക്കു മുകളിലൂടെ പന്ത് വലയിലേക്കുയർത്തി. പഴയ ക്ലബ്ബിനെതിരായ രണ്ടു ഗോളും സലാഹ് ആഘോഷിച്ചില്ല.
56, 61 മിനിറ്റുകളിൽ മാനെക്കും ഫിർമിനോക്കും ഗോളടിക്കാൻ വലതു വിംഗിൽനിന്ന് കൃത്യമായ ക്രോസ് നൽകിയതും സലാഹായിരുന്നു. ഗോളടിക്കാൻ അത്യാർത്തി കാണിക്കാത്ത കളിക്കാരനാണ് സലാഹെന്ന് തെളിയിച്ചു, ഗോളിലേക്ക് ഷോട്ടെടുക്കാമായിട്ടും മാനെക്ക് നൽകിയ പാസ്. ഹാട്രിക്കിനുള്ള അവസരമാണ് ഈജിപ്തുകാരൻ വേണ്ടെന്നു വെച്ചത്. അഞ്ചു മിനിറ്റിനു ശേഷം ജീസസിനെ വെട്ടിച്ച് ഗോൾമുഖത്തേക്ക് സലാഹ് നൽകിയ ക്രോസാണ് ഫിർമിനൊ ഗോളാക്കി മാറ്റിയത്. സലാഹും ഫിർമിനോയും മാനെയും ഈ ചാമ്പ്യൻസ് ലീഗിൽ 28 ഗോളടിച്ചു, മറ്റേതു ടീമിനെക്കാളും കൂടുതൽ. അറുപത്തൊമ്പതാം മിനിറ്റിൽ ജെയിംസ് മിൽനറുടെ കോർണറിൽ നിന്ന് ഫിർമിനൊ വീണ്ടും ലക്ഷ്യം കണ്ടു. റോമ നിലംപരിശായി. രണ്ടാം പാദം അപ്രസക്തമായി തോന്നി. റോമ മിഡ്ഫീൽഡർ കെവിൻ സ്ട്രൂട്മാനും കോച്ച് യുസേബിയൊ ഡി ഫ്രാൻസിസ്‌കോയും പരസ്യമായി ഉടക്കി.
പക്ഷെ കളി വീണ്ടും തിരിഞ്ഞു. കാൽ മണിക്കൂർ ശേഷിക്കെ സലാഹിനെ ലിവർപൂൾ പിൻവലിച്ചു. പൊടുന്നനെ റോമ കളിക്കാർ ലിവർപൂൾ ഗോൾമുഖത്ത് തമ്പടിച്ചു തുടങ്ങി. എട്ട് തവണയാണ് പിന്നീടവർ ലിവർപൂൾ ഗോൾ ലക്ഷ്യമിട്ട് ഷോട്ടുകൾ പായിച്ചത്. രണ്ടെണ്ണം ഗോളായി. എൺപത്തൊന്നാം മിനിറ്റിൽ ലോംഗ്പാസ് നെഞ്ചിലെടുത്ത ശേഷം സെക്കൊ വലയിലേക്ക് താഴ്ത്തിപ്പറത്തി. 89 ാം മിനിറ്റിൽ മിൽനറുടെ കൈയിൽ പന്ത് തട്ടിയപ്പോൾ റഫറി അൽപം അന്യായമായി പെനാൽട്ടിക്ക് വിസിലൂതി. ഡിയേഗൊ പെറോട്ടി ലക്ഷ്യം കണ്ടു.