Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുർഗാ മാലതിക്കെതിരേ സംഘ്പരിവാർ പ്രക്ഷോഭം ശക്തമാക്കുന്നു

പട്ടാമ്പി- കതുവ ബലാൽസംഗക്കേസിൽ പ്രതിഷേധിച്ച് ചിത്രം വരച്ച ദുർഗാ മാലതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച്. പട്ടാമ്പി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ നടക്കുന്ന മാർച്ച് വി.എച്ച്.പി നേതാവ് ശശികല ടീച്ചറാണ് ഉദ്ഘാടനം ചെയ്യുന്നത്. 
ഒരു വിഭാഗം ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ചിത്രരചന നടത്തിയ കലാകാരിക്കെതിരേ ആ വകുപ്പനുസരിച്ച് കേസെടുക്കണമെന്ന ആവശ്യമാണ് സംഘ്പരിവാർ സംഘടനകൾ ഉയർത്തുന്നത്. ചിത്രം വരച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ദുർഗാ മാലതിയുടെ മുതുതലയിലുള്ള വീട് ആക്രമിക്കപ്പെട്ടിരുന്നു. ആ കേസിൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 
കലാകാരിക്കെതിരേ നടന്ന അക്രമം പോലീസ് ഗൗരവത്തോടെ കാണുന്നില്ലെന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ദുർഗാ മാലതിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സംഘപരിവാർ സമരമുഖത്തേക്ക് ഇറങ്ങുന്നത്. കതുവ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദുർഗാ മാലതി ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. ത്രിശൂലവും ശിവലിംഗവും കോർത്തിണക്കി അവർ നടത്തിയ രചന വൈറലായി മാറിയിരുന്നു. ഇതിനെതിരേ ഫെയ്‌സ് ബുക്കിൽ തന്നെ സംഘ്പരിവാർ പ്രവർത്തകർ പ്രതികരണവുമായെത്തി. ഭീഷണിയുടെ സ്വരത്തിലുള്ളതായിരുന്നു അത്തരം പോസ്റ്റുകളെല്ലാം. പ്രദേശവാസികളായ ചിലർ തന്നെയാണ് കലാകാരിക്കെതിരായ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ആരോപണം ഉയർന്നു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീടിനു നേരേ ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നു മണിയോടെ ജീപ്പിലെത്തിയ സംഘം കല്ലേറ് നടത്തുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ല് കല്ലേറിൽ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണം എവിടേയും എത്തിയിട്ടില്ല. ഫാസിസത്തിനെതിരായി കലാകാരി നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ച് നിരവധി പേർ ദുർഗാ മാലതിയെ സന്ദർശിച്ചിരുന്നു. എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, വി.ടി. ബൽറാം എന്നിവരും ഇതിൽ ഉൾപ്പെടുന്നു. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കലാകാരി. അവർക്കെതിരേ കൂടുതൽ ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ ലോക്കൽ പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കലാകാരിയുടെ വീട് ആക്രമിച്ചവരെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും പോലീസ് പറയുന്നു. അതേസമയം വിഷയം സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനാണ് സംഘ്പരിവാർ സംഘടനകളുടെ തീരുമാനം. അതിന്റെ ആദ്യപടിയാണ് ഇന്നത്തെ പോലീസ് സ്റ്റേഷൻ മാർച്ച്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പു പ്രകാരം ദുർഗ മാലതിക്കെതിരേ കേസെടുത്തില്ലെങ്കിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

 

Latest News