തിരുവനന്തപുരം- ഓണം ബമ്പര്‍ ലോട്ടറിയില്‍ 25 കോടി രൂപയടിച്ച അനൂപിന്റെ ലോട്ടറി വിരുദ്ധ പോസ്റ്റ് തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ.
ലോട്ടറിക്കെതിരായ അനൂപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് പ്രചരിക്കുന്നത്. ലോട്ടറിയെ വിമര്‍ശിച്ച് മെയ് മാസത്തിലാണ് ഫേസ് ബുക്കില്‍ കുറിപ്പെഴുതിയത്.
'മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല. കടം എടുപ്പ് തുടരുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് നമ്മള്‍.' എന്ന് തുടങ്ങി സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് എന്ന പട്ടികയും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.
എന്നാല്‍ അനൂപിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഈ പോസ്റ്റ് ലഭ്യമല്ല. ശ്രീവരാഹം സ്വദേശിയായ അനൂപ് യുവമോര്‍ച്ച പാല്‍ക്കുളങ്ങര ഏരിയ ജനറല്‍ സെക്രട്ടറിയാണ്. ബമ്പര്‍ നേടിയതിന് പിന്നാലെ അഭിന്ദനവുമായി പാല്‍ക്കുളങ്ങര ഏരിയ കമ്മിറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
ഏറെ സംശയിച്ചാണ് ഓണം ബമ്പര്‍ ലോട്ടറി എടുത്തതെന്ന് അനൂപ് പറഞ്ഞിരുന്നു. ടിക്കറ്റെടുക്കുമ്പോള്‍ അമ്പത് രൂപ കുറവായിരുന്നു ഒടുവില്‍ മകന്റെ കുടുക്ക പൊളിച്ചാണ് പൈസ കൊടുത്തതെന്നും അനൂപ് പറഞ്ഞിരുന്നു.
പഴവങ്ങാടി ഭഗവതി ഏജന്‍സിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 25 കോടി രൂപയാണ് സമ്മാനത്തുക.