റിയാദ് - സിറിയൻ ജനതയുടെ ദുരിതമകറ്റുന്നതിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വഴി പത്തു കോടി ഡോളർ സഹായം നൽകുമെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. 'സപ്പോർട്ടിംഗ് ദി ഫ്യൂച്ചർ ഓഫ് സിറിയ ആന്റ് റീജിയൻ' എന്ന ശീർഷകത്തിൽ ബ്രസ്സൽസിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സിറിയൻ ജനതക്കുള്ള പുതിയ സഹായം ആദിൽ അൽജുബൈർ പ്രഖ്യാപിച്ചത്. സിറിയക്കകത്തും അയൽ രാജ്യങ്ങളിലും സിറിയൻ അഭയാർഥികൾക്ക് സൗദി അറേബ്യ ഇതിനകം 100 കോടി ഡോളറിന്റെ ജീവകാരുണ്യ സഹായങ്ങൾ നൽകിയിട്ടുണ്ട്. സിറിയയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനും സിറിയയിൽ എല്ലായിടത്തും അർഹരായവർക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനുമുള്ള കരാറുകൾ പൂർണ തോതിൽ നടപ്പാക്കണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്.
സിറിയൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം 24 ലക്ഷത്തോളം സിറിയക്കാരെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. ഇവർക്ക് സൗജന്യ വൈദ്യപരിചരണവും തൊഴിൽ, വിദ്യാഭ്യാസ അവകാശങ്ങളും നൽകിയിട്ടുണ്ട്. തുർക്കി, ജോർദാൻ, ലെബനോൻ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് സിറിയൻ അഭയാർഥികൾക്ക് സൗദി അറേബ്യ സഹായങ്ങൾ നൽകുന്നുണ്ട്. സിറിയൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് തുടക്കം മുതൽ സൗദി അറേബ്യ ശ്രമിച്ചുവരികയാണ്.
സിറിയൻ ജനത ഇന്ന് അനുഭവിക്കുന്ന ദുരിതം അകറ്റിനിർത്തുന്നതിന് സൗഹൃദ രാജ്യങ്ങളുമായി സഹകരിച്ച് സൗദി അറേബ്യ ശ്രമിച്ചിട്ടുണ്ട്. ഒന്നാമത് ജനീവ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്ക് അനുസൃതമായി സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് ജനീവയിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് യു.എൻ സെക്രട്ടറി ജനറൽ ദൂതൻ നടത്തുന്ന ശ്രമങ്ങൾക്ക് സൗദി അറേബ്യ പിന്തുണ നൽകുന്നു.
സിറിയൻ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കുന്നതിനും പ്രതിപക്ഷ കക്ഷികൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനും 2015 ലും 2017 ലും റിയാദിൽ സൗദി അറേബ്യ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന ഇടക്കാല സർക്കാർ രൂപീകരണത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ സംഘർഷത്തിൽ തകർന്നടിഞ്ഞ സിറിയയുടെ പുനർനിർമാണം സാധ്യമാവുകയുള്ളൂ. സുരക്ഷാ ഭദ്രതതയും സമാധാനവുമുള്ള അഖണ്ഡ രാജ്യത്ത് സിറിയൻ ജനതയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റപ്പെടുന്ന നിലക്ക് ഒന്നാമത് ജനീവ സമ്മേളന തീരുമാനങ്ങളും യു.എൻ രക്ഷാസമിതി 2254 ാം നമ്പർ പ്രമേയവും നടപ്പാക്കണം. സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ, സമാധാന പരിഹാരമാണ് ഏക പോംവഴിയെന്നും ആദിൽ അൽജുബൈർ പറഞ്ഞു.