തൃശൂര്‍-വിമാന യാത്രക്ക് 40,000 രൂപ ചെലവാക്കി ദുബായില്‍ പോയി ഐഫോണ്‍ 14 വാങ്ങിയ മലയാളി ദേശീയ മാധ്യമങ്ങള്‍ക്ക് കൗതുക വാര്‍ത്തയായി. ഇന്ത്യയിലെ ആദ്യത്തെ ഐഫോണ്‍ 14 ഉടമയാകാനാണ് രാജ്യത്ത് ഫോണ്‍ വിതരണം തുടങ്ങുന്നതിനുമുമ്പേ ഐഫോണ്‍ സ്വന്തമാക്കാന്‍ തൃശൂര്‍ സ്വദേശിയായ ബിസിനസുകാരനും ഫോട്ടോഗ്രാഫറുമായ ധീരജ് പള്ളിയില്‍ ദുബായിലെത്തിയത്.
കഴിഞ്ഞ 16-ന് രാവിലെ പ്രീമിയം വില്‍പനക്കാരായ ദുബായിലെ മിര്‍ദിഫ് സെന്ററില്‍ രാവിലെ ഏഴ് മണിക്കെത്ത് ക്യൂ നിന്നാണ് ഇദ്ദേഹം 1.29 ലക്ഷം രൂപ നല്‍കി പുതിയ ഐഫോണ്‍ സ്വന്തമാക്കിയത്. 40,000 രൂപയാണ് വിമാന ടിക്കറ്റിനും വിസക്കുമുള്ള ചാര്‍ജ്. ഇത്തവണ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് 512 ജിബി സ്‌റ്റോറേജ് മോഡലാണ് ധീരജ് വാങ്ങിയത്. പുതിയ ഫ് ളാഗ്ഷിപ്പ് കളറായ ഡീപ് പര്‍പ്പിള്‍ നിറമാണ് ഫോണിന്.
ധീരജ് എല്ലാ വര്‍ഷവും ഐഫോണ്‍ പുറത്തിറങ്ങുമ്പോള്‍ അത് വാങ്ങുവാന്‍ ദുബായില്‍ എത്താറുണ്ട്. ആപ്പിള്‍ ഫോണുകള്‍ വാങ്ങുവാന്‍ എത്തുന്ന വ്യക്തി എന്ന നിലയില്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പോലും പരിചയമാണ് ധീരജിനെ.
പതിവ് പോലെ ആപ്പിള്‍ പുതിയ ഐഫോണും ക്യാമറ സെന്‍ട്രിക്ക് തന്നെയായാണ് അവതരിപ്പിക്കുന്നത് എന്നാണ് ധീരജിന്റെ അഭിപ്രായം. നോച്ചില്‍ ആപ്പിള്‍ വരുത്തിയ റീഡിസൈന്‍ വളരെ ആകര്‍ഷകമാണെന്നും ധീരജ് പറയുന്നു. ഡിസ്‌പ്ലേയില്‍ വലിയ പരിഷ്‌കാരം വരുത്തിയതും വളരെ മികച്ച അനുഭവം എന്ന് ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ ആദ്യ അനുഭവമായെന്ന് ധീരജ് പറയുന്നു. ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. ഐഫോണ്‍ 12 വാങ്ങാന്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും ദുബായില്‍ എത്തിയിട്ടുണ്ട് ഇദ്ദേഹം.