Sorry, you need to enable JavaScript to visit this website.

ഇ.പി.ജയരാജനെ ഗവര്‍ണര്‍ കൊട്ടിയത് വേദനപ്പിച്ചു; പരിഹാസവുമായി ഫര്‍സീന്‍ മജീദ്

കണ്ണൂര്‍- ഇന്‍ഡിഗോ വിമാനയാത്രയുമായി ബന്ധപ്പെട്ട് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ പരാമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ആയുധമാക്കി ഇ.പി.ജയരാജനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്.

ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസ് പ്രതി കൂടിയായ ഫര്‍സീന്‍ മജീദ് പരിഹാസമുതിര്‍ത്തത്. നമ്മള്‍ മാത്രം ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ അങ്ങയെ ഇക്കാര്യം പറഞ്ഞുകൊണ്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപമാനിക്കാന്‍ ശ്രമിച്ചത് തനിക്ക് ഏറെ വേദന ഉണ്ടാക്കിയെന്ന് ഫര്‍സീന്‍ മജീദ് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

സഖാവ് ഇ.പി യോട് ഏറെ സ്‌നേഹത്തോടെ...
അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫര്‍സിന്‍ എഴുതുന്നത് ...
നമ്മള്‍ മാത്രം ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപമാനിക്കാന്‍ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി.
നമ്മള്‍ രണ്ടുപേരുടെയും വിലക്ക് നിലവില്‍ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യന്‍ മനസ്സിലാക്കിയിട്ടില്ല. ഒരു പക്ഷെ അങ്ങ് ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും. എന്തൊക്കെ പറഞ്ഞാലും ആകെ 2, 3 ആഴ്ച്ചകള്‍ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മള്‍ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ .. !
ഈ ഗവര്‍ണര്‍ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനസ്സില്‍ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.
എന്തൊക്കെ ആയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതില്‍ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്കിലും സഖാവ് ആ വിമാനത്തില്‍ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം എന്നാണ് എന്റെ അഭിപ്രായം.

പിന്നൊരു സത്യം കൂടി പറയട്ടെ..അങ്ങ് കയറാത്ത വിമാനത്തില്‍ എനിക്കും കയറാന്‍ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല ..ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിഗോ യാത്രയ്ക്ക് പോലും ഞാന്‍ തയ്യാറാണ്.
എന്ന്  മറുപടി നല്‍കുമെന്ന പ്രതീക്ഷയോടെ
അങ്ങയുടെ പ്രിയപ്പെട്ട ഫര്‍സിന്‍ മജീദ്.

 

Latest News