മലപ്പുറം- മസ്‌കത്തില്‍ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ കെ.എം ഷാജി വിശദീകരണം നല്‍കിയതായും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം ഷാജി അച്ചടക്കമുള്ളയാളാണ്. ഷാജിയുടെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കി. അതിനാലാണ് വരാന്‍ പറഞ്ഞത്. ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു. പാര്‍ട്ടി വേദികളില്‍ പറയേണ്ടത് പാര്‍ട്ടി വേദികളില്‍ പറയണം. പുറത്തുപറയുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ഷാജിയെ അറിയിച്ചുവെന്ന് തങ്ങള്‍ വ്യക്തമാക്കി.
സാദിഖലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് കെ.എം ഷാജി പാണക്കാടുനിന്ന് മടങ്ങിയത്. നേരത്തെ വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ.എം ഷാജിയോട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ പാണക്കാട്ടെ വസതിയിലെത്തി ഷാജി വിശദീകരണം നല്‍കുകയായിരുന്നു. ഷാജിക്ക് പുറമെ പി.എം.എ സലാമും ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും പാണക്കാടെത്തിയിരുന്നു. മലപ്പുറത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ. എം.ഷാജിക്കെതിരേ വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കത്തിലെ കെ.എം.സി.സി പരിപാടിയില്‍ നടത്തിയ പ്രസംഗം വിവാദമായത്.