കൊല്ലം- ഗാര്‍ഹിക പീഡന മരണത്തില്‍ യുവ അഭിഭാഷകയുടെ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ചടയമംഗലത്തെ ഐശ്വര്യയുടെ ആത്മഹത്യയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്.
അഭിഭാഷകനായ കണ്ണന് നായരാണ് അറസ്റ്റിലായത്. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. ഐശ്വര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അന്വേഷണത്തിനിടെ ഐശ്വര്യയുടെ ഡയറിക്കുറിപ്പുകളും പോലീസിന് ലഭിച്ചു.
ഐശ്വര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് യുവതിയുടെ സഹോദരനാണ് അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്. മൂന്നു വര്‍ഷമായി കടുത്ത പീഡനമാണ് താന്‍ നേരിട്ടതെന്ന് ഐശ്വര്യ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. നിസ്സാര കാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ഐശ്വര്യ കുറിച്ചിരുന്നു. ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് ഐശ്വര്യയുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.
ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഭര്‍ത്താവ് കണ്ണന് നായരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെങ്കിലും കണ്ണന് നായര്‍ പോകാന്‍ സമ്മതിച്ചിരുന്നില്ല. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.