തിരുവനന്തപുരം- ഓണം ബംപറടിച്ച അനൂപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ പ്രവാസിയായിരുന്നു. മെച്ചപ്പെട്ട ജോലിയൊന്നും ശരിയാകാത്തതിനാല്‍ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകള്‍ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടര്‍ന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉള്‍പ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. നാലു വര്‍ഷമായി ഓട്ടോ ഓടിക്കുന്ന അനൂപ് അത് നിര്‍ുത്തി ഹോട്ടല്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലില്‍ അടുത്തയാഴ്ച ജോലിക്കു പോകാനിരുന്നതായിരുന്നു. ഇന്നലെ നറുക്കെടുത്തപ്പോള്‍ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാംസമ്മാനം 25 കോടി അനൂപിന്. ആറുമാസം ഗര്‍ഭിണിയാണ് ഭാര്യ.
ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ ശാഖയില്‍ നിന്ന് ശനിയാഴ്ച രാത്രി 7.30ന് വാങ്ങിയ ടി.ജെ 750605 എന്ന ടിക്കറ്റിനാണ് സമ്മാനം.
പിതൃസഹോദരി പുത്രിയും ലോട്ടറി ഏജന്റുമായ സുജയുടെ വീട് പണി പൂര്‍ത്തിയാക്കാനായി മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി മുട്ടത്തറ സഹകരണ ബാങ്കില്‍ അപേക്ഷിച്ചിരിക്കെയാണ് അനൂപിന് ഭാഗ്യദേവതയുടെ കടാക്ഷം. അതോടെ വായ്പ വേണ്ടെന്ന് അറിയിച്ചു. ഇന്നലെ അവധിയായിരുന്നിട്ടും കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരെത്തി ടിക്കറ്റ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യമൊരുക്കി. ഇന്ന് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറും. 22ാം വയസു മുതല്‍ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ, മകന്‍ അദൈ്വത്, മാതാവ് അംബിക എന്നിവരടങ്ങുന്നതാണ് കുടുംബം. സഹോദരി അശ്വതി, ഭര്‍ത്താവ് സനല്‍. 12 വര്‍ഷം മുന്‍പ് പിതാവ് ബാബു മരിച്ചു.
10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് 15.75 കോടിയാകും ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. ലോട്ടറി ഏജന്‍സിക്ക് കമ്മിഷന്‍ 2.5 കോടി. നികുതി കിഴിച്ച് 1.60 കോടി ലഭിക്കുമെന്ന് ഭഗവതി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.