Sorry, you need to enable JavaScript to visit this website.

അനൂപേ, നോക്കിയും കണ്ടും ചെലവാക്കിക്കോ, അല്ലെങ്കില്‍  പെടും- കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയി 

കൊച്ചി- രണ്ട് വര്‍ഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുത്.നികുതി അടയ്ക്കാന്‍ പിന്നീട് പാടു പെടും-  ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറിയായ 25 കോടി രൂപ അടിച്ച തിരുവനന്തപുരത്തെ അനൂപിനെ ഉപദേശിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറായ 12 കോടി ലഭിച്ച കൊച്ചി മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്‍. 
ഒരു വര്‍ഷത്തിനിപ്പുറം ഭാഗ്യദേവതയുടെ കടാക്ഷം വീണ്ടും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയെ തേടിയെത്തിയതിന്റെ സന്തോഷത്തിലും, ജയപാലന്‍ പറയുന്നു, പണംമതി മറന്ന് ഉപയോഗിക്കരുത്. പതിവുപോലെ ഇപ്പോഴും സവാരിക്കാരെ കാത്ത് ഓട്ടോറിക്ഷയുമായി മരടില്‍ സജീവമാണ് മരട് പൂപ്പനപ്പറമ്പില്‍ പി.ആര്‍. ജയപാലന്‍.   വരുമാനം കൂടിയതിനാല്‍ രണ്ടു മാസം മുമ്പ് 1.45 കോടി രൂപ എനിക്ക് കേന്ദ്ര സര്‍ക്കാരിന് നികുതി അടക്കേണ്ടി വന്നു. ഇത്തവണത്തെ ഭാഗ്യവാന് അതിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും. ഇന്നു രാവിലെ മുതല്‍ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ച് ആളുകള്‍ എത്തിത്തുടങ്ങും. രാവിലെ അവരായിരിക്കും നമ്മുടെ കണി. എല്ലാവരെയും സഹായിക്കാന്‍ നമുക്ക് പറ്റിയെന്നുവരില്ല. അതില്‍ വിഷമിച്ചിട്ടും കാര്യമില്ല. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും മുമ്പ് നല്‍കിയതിന്റെ ഇരട്ടി ഇനി നല്‍കേണ്ടി വരും. ഇതിനെല്ലാം പണം നമ്മള്‍ കരുതണം. അതുകൊണ്ടു തന്നെയാണ് ജീവിതത്തില്‍ ഒരു മാറ്റവും വരുത്താതെ ഞാനിപ്പോഴും ഓട്ടോ ഓടിക്കുന്നത്. എന്റെ ഭാര്യ മണി ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ സ്വീപ്പര്‍ ജോലിക്കും പോകുന്നുണ്ട് .
ലോട്ടറി പണത്തിലൂടെ കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടം തീര്‍ത്തു. കുറച്ചു പണം സഹോദരങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നല്‍കി. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാന്‍ മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. കുടുംബച്ചെലവുകള്‍ക്ക് പണം ഉപയോഗിച്ചിട്ടില്ല-   ജയപാലന്‍ പറഞ്ഞു.
മൂത്തമകന്‍ വൈശാഖ് ഇലക്ട്രീഷ്യനാണ്. മരുമകള്‍ കാര്‍ത്തിക പോസ്റ്റ് വുമണ്‍. ഇളയമകന്‍ വിഷ്ണു ഹോമിയോ ഡോക്ടര്‍. ഇപ്പോള്‍ എം.ബി.ബി.എസിന് ചേര്‍ന്നു. ഒട്ടോയുടെ വായ്പ തീര്‍ന്നിട്ടില്ല..ലോട്ടറി അടിച്ച് ആരും രക്ഷപ്പെട്ടിട്ടില്ല. കാരണം മതിമറന്നുള്ള ധാരാളിത്തമാണ്. പണം സൂക്ഷിക്കണം. നികുതി അടച്ചില്ലെങ്കില്‍ അത് പെരുകി നമുക്ക് താങ്ങാനാവാത്ത സ്ഥിതിയാകും- ജയപാലന്‍  അനുഭവ സാക്ഷ്യം വെളിപ്പെടുത്തി. 
            
 

Latest News