Sorry, you need to enable JavaScript to visit this website.

മന്ത്രി പിയൂഷ് ഗോയല്‍ റിയാദില്‍; വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദിലെത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബിയുമായി കൂടിക്കാഴ്ച നടത്തുന്നു
റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ ആന്‍ഡ് യാമ്പു ചെയര്‍മാന്‍ ഖാലിദ് അല്‍സാലിമുമായി കൂടിക്കാഴ്ച നടത്തുന്നു

റിയാദ്-കേന്ദ്ര വാണിജ്യ വ്യവസായ ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ദ്വിദിന സന്ദര്‍ശനത്തിനായി റിയാദിലെത്തി. വാണിജ്യമന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി, ജുബൈല്‍ ആന്‍ഡ് യാമ്പു റോയല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍സാലിം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും സൗദിയിലെയും നിക്ഷേപാവസരത്തെ കുറിച്ചും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.  ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ സൗദി നിക്ഷേപ സാധ്യതകളെ കുറിച്ചാണ് റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ ആന്‍ഡ് യാമ്പു ചെയര്‍മാന്‍ ഖാലിദ് അല്‍സാലിമുമായുള്ള ചര്‍ച്ചയില്‍ വിഷയമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അനുയോജ്യ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചയായി.
ഇന്ത്യ സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജ്ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനോടൊപ്പം കേന്ദ്ര മന്ത്രി പങ്കെടുക്കുന്നുണ്ട്. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന് ഊര്‍ജ സുരക്ഷ എന്നീ വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നൂറു ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പുരോഗതിയും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

 

 

Latest News