നെടുമ്പാശ്ശേരി- വിദേശ ജോലി വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്റിന്റെ വഞ്ചനയ്ക്കിരയായി ജയിലിലായ യുവതി മോചിതയായി. ആന്ധ്രപ്രദേശ് സ്വദേശിനിയായ വിജയലക്ഷ്മിയാണ് കബളിപ്പിക്കപ്പെട്ട് ജയിലിലായിരുന്നത്. കാക്കനാട് ജയിലിലായിരുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങി.
ഈ മാസം ഏഴിനാണ് വിജയലക്ഷ്മി ജയിലിലായത്. കുവൈത്തില്‍ ഹൗസ് കീപ്പിംഗ് ജോലി വാഗ്ദാനം ചെയ്ത് ആന്ധ്രാപ്രദേശിലെ അമലപുരത്തുള്ള റിക്രൂട്ട്‌മെന്റ് ഏജന്റാണ് 40 കാരിയും വിധവയുമായ ഇവരെ കബളിപ്പിച്ചത്. ഈ മാസം അഞ്ചിന് ഹൈദരാബാദില്‍ നിന്ന് കൊച്ചി വഴി ഏജന്റ് ഇവരെ മസ്‌കത്തിലേക്ക് കയറ്റി വിടുകയായിരുന്നു. എന്നാല്‍ മസ്‌കത്ത് വിമാനത്താവളത്തിലെ പരിശോധനയില്‍ ഇവരുടെ കൈവശമുള്ള രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചയച്ചു. വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി കാക്കനാട് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. തന്നെ തടവിലാക്കിയ കാരണം പോലും ഇവര്‍ക്ക് വ്യക്തമല്ലായിരുന്നു. തെലുങ്കല്ലാതെ മറ്റൊരു ഭാഷയും അറിയാത്തതിനാല്‍ ആരോടെങ്കിലും കാര്യങ്ങള്‍ തിരക്കാന്‍ പോലും കഴിയുമായിരുന്നില്ല. വിവരമറിഞ്ഞ ചില സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് നിയമ സഹായം ഒരുക്കിയത്.
യുവതി നിരപരാധിയാണെന്നും ഏജന്റിന്റെ കുടുക്കില്‍പ്പെട്ടതാണെന്നും പിന്നീട് നെടുമ്പാശ്ശേരി പോലിസിന്റെ അന്വേഷണത്തിലും വ്യക്തമായി. ഇതോടെയാണ് ഒരാഴ്ച്ച നീണ്ട ജയില്‍ വാസത്തിന് ശേഷം ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാഹചര്യം ഒരുങ്ങിയത്. ജയില്‍ മോചിതയായ യുവതി എറണാകുളത്ത് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം വിജയവാഡയിലേക്ക് യാത്രയായി.