ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല. സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി കൈമാറാത്തതിനാലാണ് സില്‍വര്‍ലൈന്‍ മംഗളൂരു വരെ നീട്ടുന്നകാര്യം കേരളം ഉന്നയിക്കാതിരുന്നത്. അതേസമയം, മലപ്പുറം-മൈസൂരു ദേശീപാതയ്ക്ക് ചര്‍ച്ചയില്‍ ധാരണയായി. ബെംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു.
ബെംഗളൂരുവില്‍ രാവിലെ 9.30ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലായിരുന്നു കൂടിക്കാഴ്ച. എന്‍.എച്ച് 766ലെ രാത്രികാല നിയന്ത്രണത്തിനു ബദല്‍ സംവിധാനമായി ദേശീയപാത അതോറിറ്റി തയാറാക്കുന്ന മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും, സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.
വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ചയില്‍ കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ, കേരള തദ്ദേശഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കര്‍ണാടക സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.