Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണയില്‍ മര്‍ദനമേറ്റ ആംബുലന്‍സ്  ഡ്രൈവര്‍ ആശുപത്രിയില്‍, രോഗി മരിച്ചു

പെരിന്തല്‍മണ്ണ- രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി കാറുകാരന്‍ തടസ്സപ്പെടുത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത് രോഗിയുടെ മരണത്തിനിടയാക്കിയതായി ആക്ഷേപം. ആശുപത്രിയിലെത്തിച്ച രോഗി അരമണിക്കൂറിനുള്ളില്‍ മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെയുംകൊണ്ട് ആശുപത്രിയിലേക്ക് വരുകയായിരുന്നു കാറുകാരന്‍ എന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. നെഞ്ചുവേദനയും ശ്വാസതടസ്സവുമായി പടപ്പറമ്പിലെ ആശുപത്രിയിലായിരുന്ന ഖാലിദിന് രോഗം കലശലായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിനു സമീപത്തുവെച്ച് മുന്നില്‍വന്ന കാര്‍ സൈഡ് കൊടുക്കാതെ വഴി തടസ്സപ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ അസീസ് പെരിന്തല്‍മണ്ണ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മേല്‍പ്പാലം കഴിഞ്ഞ് ആംബുലന്‍സ് കാറിനെ മറികടന്നപ്പോള്‍ ഡ്രൈവര്‍ കാറുകാരോട് അസഭ്യം പറഞ്ഞതായാണ് കാറുകാരുടെ ആരോപണം. ആംബുലന്‍സ് ആശുപത്രിയിലെത്തി ഖാലിദിനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയെത്തിയ കാറുകാരന്‍ െ്രെഡവറെ മര്‍ദിക്കുകയായിരുന്നു. ഇതുകാരണം അല്‍്പംവൈകി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പടപ്പറമ്പ് പാങ്ങ് സ്വദേശി അസീസും ചികിത്സയിലാണ്.
സൈക്കിളില്‍നിന്ന് വീണു പരിക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും ഭാര്യയും ആശുപത്രിയിലേക്ക് പുറപ്പെട്ടതാണെന്നും വഴിമധ്യേയാണ് സംഭവമെന്നും തിരൂര്‍ക്കാട് സ്വദേശിയായ കാറുടമ പറയുന്നു. കരേക്കാട് വടക്കേപീടിയേക്കല്‍ കുഞ്ഞാലിക്കുട്ടി(വാപ്പക്കുട്ടി ഹാജി)യുടെയും ഫാത്തിമക്കുട്ടിയുടെയും മകനാണ് എന്‍ജിനീയറായ ഖാലിദ്. ഭാര്യ: ഫാസില. മക്കള്‍: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിം. സഹോദരങ്ങള്‍: ഖദീജ, ഖന്‍സ, ഖൈറുന്നീസ, ഖാലിദ ഫര്‍സാന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വടക്കുംപുറം പഴയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
 

Latest News