അബൂദാബി- യു.എ.ഇയില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചെലവ് ഇനി മുതല്‍ അവര്‍ സ്വയം വഹിക്കേണ്ടി വരും. ഇതുവരെ സര്‍ക്കാര്‍ ചെലവിലായിരുന്നു നാടുകടത്തല്‍. ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തിലാകുന്ന പരിഷ്‌കരിച്ച താമസ-കുടിയേറ്റ നിയമപ്രകാരമാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി എന്നിവ ഇക്കാര്യം അറിയിച്ചത്.
യാത്രാ രേഖകള്‍ ഇല്ലാത്തവര്‍, രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരാണ് പൊതുവേ നാടുകടത്തപ്പെടുന്നത്.
നാടു കടത്താന്‍ വിധിക്കപ്പെട്ടവര്‍ക്കു അനുയോജ്യമായ സ്‌പോണ്‍സറെ കണ്ടെത്തി രാജ്യത്തു തുടരാനാകും. ഇതിനായി മൂന്നു മാസം വരെ സമയം അനുവദിക്കും. അനധികൃത താമസക്കാനായ ഒരാളെ നാടുകടത്തുമ്പോള്‍ ആശ്രിത വിസക്കാരുണ്ടെങ്കില്‍ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് ഈടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലുടമയില്‍നിന്ന് ഈടാക്കും. അതിനും സാധിക്കാതെ വരുമ്പോള്‍ മാത്രമേ ഫെഡറല്‍ അതോറിറ്റി ചെലവുകള്‍ വഹിക്കൂ.
നാടുകടത്തല്‍ മൂലം ഒരു വ്യക്തിക്ക് ഉപജീവനമാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമുണ്ടായാല്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പൊതുതാല്‍പര്യപ്രകാരം മാനുഷിക പരിഗണനയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാം. ഒരിക്കല്‍ നാടുകടത്തപ്പെട്ട ഒരാള്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് മടങ്ങി വരാനാവില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു.
നാടുകടത്തേണ്ട ഒരാളെ ഒരു മാസത്തിലധികം ജയിലില്‍ പാര്‍പ്പിക്കരുതെന്നും നിയമമുണ്ട്. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരമാകും ഇവരുടെ തടവുകാലം. നിയമവിരുദ്ധ താമസക്കാര്‍ രാജ്യം വിടുന്നതു വരെയുള്ള ചെലവുകള്‍ അവരില്‍നിന്നോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കിയ സ്‌പോണ്‍സറില്‍നിന്നോ ഈടാക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.