Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികള്‍ മടിയിലിരുന്ന് പ്രതിഷേധിച്ച വിവാദ ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കി

തിരുവനന്തപുരം- സി.ഇ.ടി കോളേജിന് സമീപത്തെ വിവാദ ബസ് സ്‌റ്റോപ്പ് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കി. ശ്രീകാര്യം ചാവടിമുക്കിലെ ശ്രീകൃഷ്ണ റെസിഡന്‍സ് അസോസിയേഷന്റെ പേരിലുള്ള ബസ് സ്‌റ്റോപ്പാണ് പൊളിച്ചത്.

നഗരസഭാ ഉദ്യോഗസ്ഥരും പോലീസും എത്തിയാണ് ബസ് സ്‌റ്റോപ്പ് പൊളിച്ചത്. ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് സ്‌റ്റോപ്പ് സ്ഥാപിക്കാനാണ് നിലവിലുള്ള കേന്ദ്രം പൊളിച്ച് നീക്കിയതെന്നാണ് നഗരസഭാ അധികൃതര്‍ വിശദീകരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് സ്‌റ്റോപ്പ് നാട്ടുകാര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു.

നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക്  മറുപടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ സംഭവം ചര്‍ച്ചയാവുകയായിരുന്നു.

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍, കാണാന്‍ പാടില്ലാത്ത കാഴ്ചകളാണ് ബസ് സ്‌റ്റോപ്പില്‍ നടക്കുന്നതെന്നും മുഖംമൂടി വെച്ച് നടക്കാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പണിത ബസ് സ്റ്റാന്റില്‍ ജനങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലമുണ്ടാകാറില്ലെന്നും എപ്പോഴും വിദ്യാര്‍ത്ഥികളുണ്ടാകുമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

'ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസോസിയഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ബസ് സ്‌റ്റോപ്പാണ്. അന്നും മൂന്ന് പേര്‍ക്ക് ഇരിക്കാമായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. അന്ന് ഇരിക്കാനുള്ള ബെഞ്ച് ഒരുമിച്ചായിരുന്നു. ഇപ്പോള്‍ അത് സെപ്പറേറ്റാക്കി. ഇവിടെ വേറെ ആരും ഇരിക്കേണ്ടെന്നോ നില്‍ക്കേണ്ടെന്നോ ആരും പറഞ്ഞിട്ടില്ല. 24 മണിക്കൂറും വിദ്യാര്‍ത്ഥികളാണ് ഇരിക്കുന്നത്. നാട്ടുകാര്‍ക്ക് വേണ്ടി പണിത സ്‌റ്റോപ്പില്‍ നാട്ടുകാര്‍ക്ക് ഇരിക്കാന്‍ പറ്റാറില്ല,' എന്നാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്.
സംഭവത്തിനും വിവാദങ്ങള്‍ക്കും ശേഷം ശ്രീകൃഷ്ണനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വെയിറ്റിങ്ങ് ഷെഡ് പെയിന്റടിച്ച് ഏറ്റെടുത്തിരുന്നു. വെട്ടിപ്പൊളിച്ച മൂന്ന് സീറ്റുകള്‍ക്കൊപ്പം 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് പിറകുവശത്ത് പ്രത്യേകം എഴുതിവെച്ചിട്ടുമുണ്ട്. ഇതാണിപ്പോള്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയത്.

വിവാദത്തെത്തുടന്ന്  വെയിറ്റിങ് ഷെഡ് പുതുക്കി നിര്‍മിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടി നീണ്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

 

Latest News