Sorry, you need to enable JavaScript to visit this website.

ബമ്പറടിച്ച് കേരള സര്‍ക്കാര്‍, മിക്കയിടത്തും സോള്‍ഡ് ഔട്ട്

വടകര- മലയാളികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന  തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍  മാത്രം ശേഷിക്കേ ടിക്കറ്റ് വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്.  നറുക്കെടുപ്പ് ദിനം അടുത്തതോടെ ടിക്കറ്റ് വില്‍പ്പനയും തകര്‍ക്കുകയാണ്. ഈ നിലയില്‍ ടിക്കറ്റ് വില്‍പ്പന തുടര്‍ന്നാല്‍  നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുക  240 കോടി രൂപയാണ്.  അതായത്, കഴിഞ്ഞ  വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വരുമാനം.  ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചിട്ടും വില്‍പനയെ ഒട്ടും ബാധിച്ചില്ല, 
ഫ്‌ലൂറസന്റ്  മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍.  10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്. അച്ചടിച്ച ടിക്കറ്റുകളില്‍ 90%വും വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പലേടത്തും ടിക്കറ്റ് വില്‍പന റെക്കോര്‍ഡിലെത്തിയതായാണ് വിപണിയിലെ ട്രെന്‍ഡുകള്‍. 
 


 
 

Latest News