മലപ്പുറം- പാര്‍ട്ടി വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ കെ,എം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണ്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ ഇതേക്കുറിച്ച് നേതൃത്വം സംസാരിക്കും. പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തില്‍ പോകില്ലെന്നും ഷാജി മസ്‌കത്തിലെ പരിപാടിയില്‍ വ്യക്തമാക്കി.
തനിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വിമര്‍ശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഷാജി പറഞ്ഞു