ദുബായ് - ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവ സീരിയല്‍ നടിയെ തൊഴില്‍ തട്ടിപ്പില്‍ കുടുക്കി. തട്ടിപ്പിനിരയായി തടങ്കിലില്‍ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിനി മലയാളി സന്നദ്ധ സംഘടനയായ 'ഓര്‍മ'യുടെ പ്രവര്‍ത്തകര്‍ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു.
അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയല്‍ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളില്‍ ഇവര്‍ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജന്‍സി നടിയെ സന്ദര്‍ശക വിസയില്‍ സെപ്റ്റംബര്‍ 2ന് ദുബായിലെത്തിച്ചത്. ചെന്നൈയില്‍ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും യു.എ.ഇയിലേക്കു വിമാനം കയറിയത്. ഇതില്‍ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നല്‍കുന്നതിന് പകരം ഇവരെ ദുബായ് ദെയ്‌റയിലെ ഒരു ഹോട്ടലിലെ ബാറില്‍ ജോലി ചെയ്യാന്‍ ഹോട്ടലുടമയും വിസ ഏജന്റിന്റെ കൂട്ടാളികളും നിര്‍ബന്ധിക്കുകയായിരുന്നു.
ചീത്തവിളിയും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന നടി പേടിച്ചുവിറച്ചാണ് നാളുകള്‍ തള്ളി നീക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഓര്‍മ സംഘടനയിലെ അംഗങ്ങളുമായി മൊബൈലില്‍ ബന്ധപ്പെടാന്‍ നടിക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള വഴി ഒരുങ്ങിയത്.
യു.എ.ഇയിലുള്ള നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ദുബായ് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെ നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓര്‍മ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേര്‍ന്ന് നാട്ടിലേക്ക് അയച്ചു. നടിയോടൊപ്പം ചെന്നൈയില്‍ നിന്ന് എത്തിയ തമിഴ് അവതാരക ഉള്‍പ്പെടെയുള്ള മറ്റു 7 യുവതികള്‍ ഇപ്പോഴും ദുബായിലെ ഹോട്ടലില്‍ കഴിയുന്നു.